കുടുംബവഴക്ക്​ പരിഹരിക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ പീഡനം; വൈദികനെ സഭ പുറത്താക്കി

കമ്പളക്കാട്​: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച വൈദികൻ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാരാവകാശങ്ങളിൽനിന്ന്​ മാറ്റി നിർത്തുകയും ചെയ്തു. സുൽത്താൻ ബത്തേരി ഭദ്രാസനത്തിനു കീഴിൽ മാനന്തവാടി കമ്മന സെൻറ്​ ജോർജ് ഓർത്തഡോക്​സ്​ പള്ളി വികാരിയായിരുന്നു ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍.

പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ്​ നടപടി. വൈദികനെ കമ്പളക്കാട് സി.ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ബീനാച്ചിയിൽ വൈദികൻ നടത്തിവരുന്ന ഡി അഡിക്ഷൻ സെൻററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു.

ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും തമ്മില്‍ കൂടുതല്‍ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ വൈദികന്‍ യുവതിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. 

Tags:    
News Summary - complaint women was molested after promising to resolve the family dispute priest expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.