തൃശൂർ: കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാര വിതരണത്തിലെ നടപടിക്രമങ്ങൾ ജനത്തെ വലക്കുന്നു. നടപടിക്രമങ്ങളിലെ സങ്കീർണതയും വ്യക്തതയില്ലായ്മയും കാരണം അക്ഷയ കേന്ദ്രങ്ങൾ പോലും അപേക്ഷ കൈകാര്യം ചെയ്യാൻ മടിക്കുന്നു. 40,132 കോവിഡ് മരണം സംഭവിച്ച സംസ്ഥാനത്ത് ധനസഹായം കൊടുക്കുന്ന നടപടിക്രമങ്ങളിലേക്ക് സർക്കാർ കടന്നിട്ടുമില്ല.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്ക് പ്രതിമാസം 5,000 രൂപയുമാണ് സഹായം ലഭ്യമാകുക. ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയ 6738 പേരിൽ 171എണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. ഒരെണ്ണം നിരസിച്ചു. ബി.പി.എൽ സഹായധനത്തിനുള്ള 1922 അപേക്ഷകളിൽ 13 എണ്ണം മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. ഇരുവിഭാഗങ്ങളിലും ഒരാൾക്ക് പോലും നഷ്ടപരിഹാരം നൽകിയിട്ടുമില്ലെന്ന് പോർട്ടൽ വ്യക്തമാക്കുന്നു.
അപൂർണമായ രേഖകൾ, ആശ്രിതർ ആരാണ്, എങ്ങനെ പോർട്ടലിൽ ചേർക്കണം തുടങ്ങിയ അവ്യക്തതകളാണ് പരിശോധനചുമതലയുള്ള ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതരെ കുഴക്കുന്നത്. ഒക്ടോബർ 10 മുതൽ പോർട്ടൽ പ്രവർത്തനമാരംഭിച്ചെങ്കിലും നവംബർ 25ന് മാത്രമാണ് കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർ ആരാണെന്നത് സംബന്ധിച്ച് വ്യക്തതവരുത്തി ഉത്തരവിറക്കിയത്. ഇതിനാൽ ജില്ല കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് കോവിഡ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
സർക്കാറിെൻറ കോവിഡ് മരണപ്പട്ടികയിൽ ഇടം പിടിക്കാത്തവരാണ് അപ്പീൽ അപേക്ഷയിൽ കുരുങ്ങി ഔദ്യോഗിക സ്ഥിരീകരണ രേഖകൾക്ക് പരക്കം പായുന്നത്. 'ഇ ഹെൽത്ത് കേരള പോർട്ടലിൽ കയറി ആശുപത്രി രേഖകൾ തദ്ദേശ സർട്ടിഫിക്കറ്റ്, ഐ.സി.എം.ആർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയാലാണ് കോവിഡ് പോർട്ടലിൽ ഇടം കണ്ടെത്താത്തവർക്ക് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകുക. ആ രേഖ വെച്ച് സഹായധന പോർട്ടലായ 'റിലീഫ് കേരള'യിൽ കയറി അപേക്ഷിക്കാനാകുക. ഈ നടപടിക്രമത്തിലാണ് ആശ്രിതർ സംബന്ധിച്ച ആശങ്ക ഉയർന്നതും ദിവസങ്ങൾക്ക് മുേമ്പ വ്യക്തത വരുത്തി സർക്കാർ ഉത്തരവായതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.