കൊച്ചി: മോട്ടോർ വാഹന വകുപ്പിൽ സമഗ്ര അഴിച്ചുപണി നിർദേശിച്ച് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി. ആർ.ടി.ഒ, സബ്-റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഇൻസ്പെക്ടർമാർക്കും (എം.വി.ഐ) അസിസ്റ്റന്റ് ഇൻസ്പെക്ടർമാർക്കും (എ.എം.വി.ഐ) ദിവസവും കുറഞ്ഞത് ആറു മണിക്കൂർ എൻഫോഴ്സ്മെന്റ് ഡ്യൂട്ടി നൽകണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. ഇവരെ റോഡ് സുരക്ഷ കമീഷണറുടെയും ബന്ധപ്പെട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെയും (എൻഫോഴ്സ്മെന്റ്) കീഴിലാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, റോഡുകൾ സംബന്ധിച്ച കേസിലാണ് ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
• 900ലേറെയുള്ള എൻഫോഴ്സ്മെന്റ് ഓഫിസർമാരെയും എൻഫോഴ്സ്മെന്റ് ജോലിക്കായുള്ള 120 വാഹനങ്ങളെയും പൂർണമായും റോഡ് സുരക്ഷ അതോറിറ്റിയുടെയും റോഡ് സുരക്ഷ കമീഷണറുടെയും കീഴിൽ കൊണ്ടുവരണം.
• ഇൻസ്പെക്ടർമാർക്ക് ക്ലറിക്കൽ ഉൾപ്പെടെ ജോലികൾ നൽകുന്നത് നിർത്തണം.
• മുഴുവൻസമയ റോഡ് സേഫ്റ്റി കമീഷണറെ നിയമിക്കണം. ട്രാൻസ്പോർട്ട് കമീഷണർക്ക് റോഡ് സുരക്ഷ കമീഷണറുടെ ചുമതലകൂടി നൽകുന്നത് അവസാനിപ്പിക്കണം.
• റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകൾ (എൻഫോഴ്സ്മെന്റ്), എൻഫോഴ്സ്മെന്റ് ഡ്യൂട്ടിക്ക് മാത്രമുള്ള 'സേഫ് കേരള' സ്ക്വാഡ്സ് എന്നിവ റോഡ് സുരക്ഷ കമീഷണറുടെ കീഴിലാക്കണം.
• ഫിറ്റ്നസ് ടെസ്റ്റിനായി മോട്ടോർ വെഹിക്കിൾ നിയമം- 1988 നിർദേശിച്ചിരിക്കുന്ന ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾക്ക് സർക്കാർ അംഗീകാരം നൽകണം
2018 ജൂൺ നാലിലെ ഉത്തരവ് പ്രകാരം സേഫ് കേരള പദ്ധതിയെ റോഡ് സുരക്ഷ അതോറിറ്റിയുടെ കീഴിലാക്കിയിരുന്നു. 2018 ജൂൺ 16ലെ ഉത്തരവനുസരിച്ച് ട്രാൻസ്പോർട്ട് കമീഷണറുടെ കീഴിലുമാക്കി.
ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. റിപ്പോർട്ട് ഉടൻ ഹൈകോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.