നിയമസഭാംഗമായിരിക്കേ വെടിയേറ്റുമരിച്ച, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ നേതാവാണ് കെ. കുഞ്ഞാലി. ഏറനാടൻ മണ്ണിൽനിന്ന് ഉദിച്ചുയർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ. നിശ്ചയദാർഢ്യവും അളവിൽക്കവിഞ്ഞ ധീരതയുമായിരുന്നു കൈമുതൽ. കിഴക്കൻ ഏറനാട്ടിലെ ദരിദ്ര തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് എസ്റ്റേറ്റ് ഉടമകളുടെ ചൂഷണങ്ങൾക്കെതിരെ പടപൊരുതിയ കുഞ്ഞാലി 1965ലും 1967ലും നടന്ന തെരഞ്ഞെടുപ്പുകളിൽ നിലമ്പൂരിൽനിന്ന് നിയമസഭാംഗമായി. 1964ലെ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാളികാവ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി. അതേ ഡിസംബറിൽ ചൈനീസ് ചാരന്മാർ എന്നാരോപിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ മുഴുവൻ ജയിലിലടച്ചപ്പോൾ കുഞ്ഞാലിയും തടവറയിലായി.
1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലംപോലും കാണാതെ ജയിലിൽകിടന്ന് മത്സരിച്ചാണ് നിലമ്പൂരിൽനിന്ന് നിയമസഭാംഗമായത്. അന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ 7161 വോട്ടുകൾക്കാണ് കുഞ്ഞാലി തോൽപിച്ചത്. 1967ൽ 9789 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുഞ്ഞാലി വീണ്ടും ആര്യാടനെ മലർത്തിയടിച്ചു. 1969 ജൂലൈ 26നായിരുന്നു കുഞ്ഞാലി വധിക്കപ്പെട്ടത്. ചുള്ളിയോട് ടൗണിൽവെച്ചാണ് വെടിയേറ്റത്. മരിക്കുമ്പോൾ സഖാവിന് 45 വയസ്സായിരുന്നു. ആര്യാടന് മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാല്‍, ആര്യാടനെ തെളിവില്ലെന്നു പറഞ്ഞ് കോടതി പിന്നീട് വെറുതെ വിട്ടു. നിലമ്പൂർ മേഖലയിൽ ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിൽ സജീവമാകുംമുമ്പ് 1952ലെ പ്രഥമ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കുഞ്ഞാലി, കമ്യൂണിസ്റ്റ് പാർട്ടിക്കായി മലപ്പുറം മണ്ഡലത്തിൽനിന്ന് ജനവിധി തേടിയിട്ടുണ്ട്. ബി. പോക്കർ (മുസ്ലിംലീഗ്), ടി.വി. ചാത്തുക്കുട്ടിനായർ (കോൺഗ്രസ്) എന്നിവരായിരുന്നു എതിർസ്ഥാനാർഥികൾ. കടുത്ത പോരാട്ടത്തിൽ ബി. പോക്കർ 16,976 വോട്ടുകൾക്ക് വിജയിച്ചു. 79470 വോട്ടുകളാണ് പോക്കർക്ക് കിട്ടിയത്. ചാത്തുകുട്ടി നായർക്ക് 62494ഉം കുഞ്ഞാലിക്ക് 61935 വോട്ടുകളും ലഭിച്ചു.
കരിക്കാടൻ കുഞ്ഞിക്കമ്മദിന്റെയും അമ്പലൻ ആയിശുമ്മയുടെയും ഏകമകനായി 1924ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം. 1942ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന കുഞ്ഞാലിയെ ലോകമഹായുദ്ധാനന്തരം, കമ്യൂണിസ്റ്റ് ബന്ധം ആരോപിച്ച് പിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.