കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിഞ്ഞതുമുതൽ തന്റെ ഓട്ടോറിക്ഷയിൽ കരിങ്കൊടി ഉയർത്തി സി.പി.എമ്മുകാരനായ മുണ്ടക്കൽ അജിത്. വാഹനത്തിന് മുന്നിൽ ആദരാഞ്ജലിയർപ്പിച്ച് പോസ്റ്ററും പതിച്ചു. ‘പുതുപ്പള്ളി പുണ്യാളൻ കഴിഞ്ഞാൽ ഞങ്ങൾ പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ടവൻ കുഞ്ഞൂഞ്ഞച്ചായൻ ആണ്. ഏതു കാര്യത്തിനും രാഷ്ട്രീയം നോക്കാതെ സമീപിക്കാം.
ഞങ്ങൾ ഒരു കുടുംബം പോലെയാണ്. പിതാവ് മരിച്ചപ്പോൾ ആദ്യം എത്തിയത് ഉമ്മൻ ചാണ്ടിയാണ്. മറ്റു നേതാക്കളെ അടുത്തു കാണാൻ കാലവും സമയവും നോക്കിയിരിക്കണ്ടേ. ഉമ്മൻ ചാണ്ടിയെ കാണാൻ ആരുടെയും ശിപാർശ വേണ്ട. ഒരിക്കൽ കണ്ടാൽ മതി, അദ്ദേഹം മറക്കില്ല. ഇങ്ങനെയൊരാൾ ഇനി ഉണ്ടാവില്ല’-പറഞ്ഞിട്ടും തീരുന്നില്ല അജിത്തിന് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള വിശേഷങ്ങൾ. സി.പി.എം പുതുപ്പള്ളി ടൗൺ ബ്രാഞ്ച് അംഗമാണ് ഓട്ടോ ഡ്രൈവറായ അജിത്.
പിതാവ് ശാമുവേലും ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയിലെ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. അന്നുമുതൽ തുടങ്ങിയ സൗഹൃദമാണ്. ജങ്ഷൻ വഴി പോകുമ്പോൾ ഉമ്മൻ ചാണ്ടി വാഹനം നിർത്തി അടുത്തേക്ക് വിളിക്കും. തനിക്കൊരാവശ്യം വന്നപ്പോഴും ഉമ്മൻ ചാണ്ടിക്കടുത്തേക്കാണ് ഓടിയെത്തിയത്. ഭാര്യാപിതാവിന്റെ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 50,000 രൂപ അനുവദിച്ചതായി പച്ചമഷികൊണ്ട് എഴുതിത്തന്നതും മറക്കാനാവില്ലെന്നും അജിത് പറഞ്ഞു. പുതുപ്പള്ളി ടൗണിലാണ് അജിത് ഓട്ടോ ഓടിക്കുന്നത്. പുതുപ്പള്ളിയിലെ സി.ഐ.ടി.യു തൊഴിലാളി ആയിരുന്ന ശശി കറുകച്ചാലിൽനിന്നാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ എത്തിയിരിക്കുന്നത്. ശരീരത്തിന്റെ ഒരു വശം തളർന്നതിനെതുടർന്ന് ചികിത്സ സഹായം അനുവദിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ശശിയുടെ പിതാവ് കേശവന്റെ കാലത്തു തുടങ്ങിയ സൗഹൃദമാണ്. കേശവനും പുതുപ്പള്ളിയിലെ സി.ഐ.ടി.യു തൊഴിലാളിയായിരുന്നു. ഇതുപോലൊരു ജനകീയനേതാവ് വേറെ ആരുണ്ട് എന്നാണ് ശശിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.