തിരുവനന്തപുരം: സിൽവർ ലൈനിന് അനുകൂലമായി എൽ.ഡി.എഫ് വൻ പ്രചാരണത്തിന് കോപ്പുകൂട്ടവെ, പദ്ധതി സംബന്ധിച്ച സി.പി.ഐക്കുള്ളിലെ ആശങ്ക മറനീക്കുന്നു. സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിൽ ഒന്നിലേറെ തവണ ഉയർന്ന ആശങ്ക താഴേതട്ടിലുള്ള നേതാക്കളും പങ്കുവെക്കുകയാണ്. ഇതിനിടെയാണ് ഏപ്രിൽ 25ന് സംസ്ഥാന നിർവാഹക സമിതിയും 26ന് സംസ്ഥാന കൗൺസിലും ചേരുന്നത്.
എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ, പദ്ധതി ഉയർത്തിയേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹികാഘാതം, കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം എന്നിവ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളാണെന്ന അഭിപ്രായം സംസ്ഥാന-ജില്ല തലങ്ങളിലെ നേതാക്കൾക്കുണ്ട്.
പരിസ്ഥിതി, സാമൂഹികാഘാതം, പുനരധിവാസം വിഷയങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സി.പി.ഐക്ക് ശക്തിയുള്ള കൊല്ലം ജില്ല നിർവാഹക സമിതിയിലും സമാനമായ അഭിപ്രായമാണ് ഉയർന്നത്. എന്നാൽ, ആരും പദ്ധതി വേണ്ടെന്ന നിലപാട് സ്വീകരിക്കാത്തത് നേതൃത്വത്തിന് ആശ്വാസമാണ്.
അതേസമയം സംസ്ഥാനതല പ്രചാരണത്തിൽ ഈ ആശങ്കകൾക്കുകൂടി മറുപടി പറയുമെന്ന് എൽ.ഡി.എഫ് നേതൃത്വം വിശദീകരിക്കുന്നു. ഇത് മുൻനിർത്തിയുള്ള വിശദീകരണ യോഗങ്ങളും ഗൃഹസന്ദർശനവും നടത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം ആശങ്ക പരസ്യ വിമർശനമായി സംഘടനക്ക് പുറത്തേക്ക് വളരാതെ നോക്കേണ്ട ഉത്തരവാദിത്തം സി.പി.ഐ നേതൃത്വത്തിനാണ്. സംസ്ഥാന കൗൺസിലിൽ വിഷയം ചർച്ചയായാൽ ഇത് മുന്നിൽകണ്ടുള്ള ഇടപെടലാകും നേതൃത്വം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.