കൺസഷൻ നിരക്ക് ഉയർത്തൽ: വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ഗതാഗത മന്ത്രി ആന്‍റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും.

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കി ഉയർത്തണം എന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർഥി സംഘടനകകൾ പറയുന്നത്. കണ്‍സഷന്‍ നിരക്ക് ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിച്ചു.

എട്ട് രൂപയിൽ നിന്ന് മിനിമം ചാർജ് 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ. 

Tags:    
News Summary - Concession rate hike: Discussions with student organizations today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.