മകൾ വൈഗയെ പുഴയിലെറിഞ്ഞത് താൻ തന്നെയാണെന്ന് പിടിയിലായ സനുമോഹൻ. മകളെ ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചുവെന്നും അപ്പോൾ അവളുടെ ബോധം നിലച്ചുവെന്നും ചോദ്യം ചെയ്യലിനിടെ സനു മോഹൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ബോധം നഷ്ടപ്പെട്ട മകൾ വൈഗയെ കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. മകളെ മുട്ടാർ പുഴയിലെറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, തനിക്കതിന് സാധിച്ചില്ലെന്നും സനു മോഹൻ അന്വേഷണ സംഘേത്താട് പറഞ്ഞു.
അതേസമയം, സനു മോഹന്റെ മൊഴികളിൽ പൊരുത്തക്കേടുകളും അവിശ്വസനീയതയുമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
മാർച്ച് 22 തിങ്കളാഴ്ച ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതൽ ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് സനു മോഹനെയും വൈഗയെയും കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സനുവിനായി രണ്ട് ദിവസം കൂടി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ചു. സനു മോഹെൻറതാണെന്ന സംശയത്തിൽ നിരവധി മൃതദേഹങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
വൈഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞായറാഴ്ച രാത്രിയോടെ സ്വാഭാവിക മുങ്ങിമരണം സംഭവിച്ചതായാണ് കണ്ടെത്തൽ. ഇവരുടെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിൽ അന്ന് രാത്രി ഫ്ലാറ്റിലെത്തി മടങ്ങിയതായി വിവരം ലഭിച്ചിരുന്നു. രാത്രി 9.30ഓടെ ഫ്ലാറ്റിൽനിന്ന് മടങ്ങിയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു.
സ്വന്തം ഫോൺ കേടുവന്നെന്ന് ഭാര്യ രമ്യയെ വിശ്വസിപ്പിച്ച ഇയാൾ ഏതാനും ദിവസങ്ങളായി ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഈ ഫോണും സ്വിച്ച് ഓഫ് ചെയ്തതോടെ തെളിവില്ലാത്ത അവസ്ഥയിലായിരുന്നു പൊലീസ്.
കഴിഞ്ഞ ദിവസം (എപ്രിൽ 18 ന്) കർണാടകയിലെ കാർവാറിൽ നിന്നാണ് സനു മോഹൻ പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.