തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ ചോദ്യോത്തരവേളയിൽ തുടർച്ചയായി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. രാവിലെ നിയമസഭ ചേര്‍ന്നത് മുതല്‍ പ്രതിപക്ഷത്തിനെതിരെ ബാര്‍കോഴ, സോളാര്‍, പാലാരിവട്ടം അടക്കം അഴിമതി ആരോപണങ്ങളില്‍ ചോദ്യം ഉന്നയിക്കുക എന്ന തന്ത്രമാണ് ഭരണപക്ഷം പുറത്തെടുത്തത്.
ഭരണപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി മറുപടി നൽകി കൊണ്ടിരിക്കുകയും ചെയ്തു. തുടക്കത്തില്‍ ആരോപണങ്ങള്‍ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും തുടർന്ന് ഭരണപക്ഷത്തിന്‍റെ നീക്കം മനസിലാക്കിയ പ്രതിപക്ഷം തിരിച്ചടിക്കുകയായിരുന്നു.
ഭരണപക്ഷത്തെ പോലെ തന്നെ പ്രതിപക്ഷവും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല തിരിച്ചടിച്ചു. സര്‍ക്കാർ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. വളരെ ബോധപൂര്‍വം പ്രതിപക്ഷത്തെ അപമാനിക്കുന്നു. ഒരു അന്വേഷണത്തെയും ഭയമില്ല. ആരുടെയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടത്തിയാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. സര്‍ക്കാറിന് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൈ കൊണ്ട് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷം. ഒളുപ്പില്ലാത്തത് കൊണ്ടാണ് ഇപ്പോഴും പ്രതിപക്ഷത്തിന് ചിരിക്കാന്‍ പറ്റുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ജനങ്ങളുടെ ഓര്‍മശക്തിയെ ചോദ്യം ചെയ്യരുത്. എല്ലാം മറന്നുവെന്ന് കരുതരുത്. ഏതെല്ലാം നിലയിലാണ് അഴിമതി നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.