തിരുവനന്തപുരം: ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എം.എൽ.എമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുനേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.
ഇടിമുറികൾ കൊണ്ട് സൃഷ്ടിക്കുന്ന എസ്.എഫ്.ഐ ചെങ്കോട്ടകൾ കെ.എസ്.യു തകർത്തെറിയുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. എസ്.എഫ്.ഐ യുടെ ഇടിമുറി രാഷ്ട്രീയം ആദ്യത്തെ സംഭവമല്ല, അക്രമരാഷ്ട്രീയവും, ജനാധിപത്യവിരുദ്ധ നിലപാടും മുഖമുദ്രയാക്കിയ എസ്.എഫ്.ഐക്ക് ഇനി അൽപ്പായുസ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എമാർക്കെതിരെ കേസെടുത്ത പൊലീസ് കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ലെന്ന് കെ.എസ്.യു ആരോപിച്ചു. മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് പ്രവർത്തകർ എം.ജി റോഡ് ഉപരോധിക്കുകയും ചെയ്തു.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അഷ്ക്കർ നേമം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആദേഷ് സുധർമ്മൻ, സച്ചിൻ.ടി.പ്രദീപ്, പ്രിയങ്ക ഫിലിപ്പ്, ആസിഫ് മുഹമ്മദ്, എം.എ. ആസിഫ്,ജിഷ്ണു രാഘവ്, കൃഷ്ണകാന്ത്, നെസിയ മുണ്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.