തിരുവനന്തപുരം: ജലവിഭവ മന്ത്രിയുടെ ഓഫിസിലെ കൈയാങ്കളിയിൽ പരാതിക്കാരനായ എൻജിനീയർക്ക് കുട്ടനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റം. ഇൻലാൻഡ് നാവിഗേഷൻ കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെയാണ് തിരുവനന്തപുരം പ്രോജക്ട്-രണ്ടിലെ ഒഴിവിൽ നിയമിച്ചത്.
കോഴിക്കോട് പ്രോജക്ട്-ഒന്ന് ചീഫ് എൻജിനീയർ എം. ശിവദാസനെ ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ചീഫ് എൻജിനീയറായി നിയമിക്കാനും തീരുമാനിച്ചു. ഇതോടൊപ്പം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ. പ്രിയേഷ്, സി.കെ. ശ്രീകല, സൂപ്രണ്ടിങ് എൻജിനീയർ സിനോഷ് സി.എസ് എന്നിവർക്കും ചീഫ് എൻജിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി.
ഇറിഗേഷൻ വകുപ്പിൽ അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകാത്തത് സംബന്ധിച്ച് പരാതികളുയർന്നിരുന്നു. അർഹതപ്പെട്ട നിയമനം ലഭിക്കാത്തവർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു. ട്രൈബ്യൂണൽ ഇടപെടൽകൂടി വന്നതോടെയാണ് സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച തീരുമാനമുണ്ടായത്.
ജലവിഭവ മന്ത്രിയുടെ ഓഫിസില്‍ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് അടുത്തിടെ കൈയാങ്കളിയുണ്ടായത്. മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മര്‍ദിച്ചെന്ന ചീഫ് എന്‍ജിനീയറുടെ പരാതിയിൽ തുടർനടപടികളുണ്ടായില്ല. സംഭവം ഒത്തുതീർക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നു. ഇതിനിടെയാണ് പരാതിക്കാരനായ ഉദ്യോഗസ്ഥന് അദ്ദേഹത്തിന് സൗകര്യപ്രദമായ വിധം തലസ്ഥാനത്തെ പ്രധാന തസ്തികകളിലൊന്നിൽ നിയമനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.