തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ ആവേശത്തോടെ മുന്നോട്ടുപോകുമ്പോഴും ബഫർ സോണിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയും ആശയക്കുഴപ്പവും. ഡി.പി.ആറിന്റെ ഭാഗമായ എക്സിക്യൂട്ടിവ് സമ്മറി പ്രകാരം ബഫർ സോൺ 30 മീറ്ററാണ്.
എന്നാൽ, തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ കെ-റെയിൽ എം.ഡി വി. അജിത്കുമാർ വിശദീകരിച്ചത് പത്ത് മീറ്ററാണ് ബഫർ സോണെന്നാണ്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് സമരസമിതിക്ക് നൽകിയ മറുപടിയിൽ കെ-റെയിൽ വിശദീകരിക്കുന്നത് ബഫർ സോൺ 15 മീറ്ററെന്നാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ പുരോഗമിക്കുന്നതിനിടെ ബഫർ സോണേ ഇല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്. എക്സിക്യൂട്ടിവ് സമ്മറിയിലെ 30 മീറ്ററെന്നത് ഇരു വശങ്ങളിലുമായുള്ള 15 മീറ്റർ വീതമാണെന്നാണ് കെ-റെയിലിൽ വിശദീകരിക്കുന്നത്. അങ്ങനെയെങ്കിൽ എം.ഡി വാർത്ത സമ്മേളനത്തിൽ പറഞ്ഞ 10 മീറ്ററെന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്നും ചോദ്യമുയരുന്നു. ബഫർ സോണിലെ അവ്യക്തയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കഴിഞ്ഞ ദിവസം തന്നെ എം.ഡി വ്യക്തത വരുത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ പ്രതികരണം.
ബഫര്‍ സോണ്‍ പ്രദേശത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങൾക്ക് വിലക്കും നിയന്ത്രണവും ബാധകമാകുന്നത്. എം.ഡി പറഞ്ഞത് പ്രകാരം ആദ്യത്തെ അഞ്ച് മീറ്ററിൽ നിർമാണങ്ങളൊന്നും പാടില്ല. അടുത്ത അഞ്ച് മീറ്ററിൽ അനുമതിയോടെ നിർമാണമാകാം. എന്നാൽ, ഈ ഭൂമിക്ക് നഷ്ടപരിഹാരമില്ലെന്നതാണ് ഉടമകളെ വെട്ടിലാക്കുന്നത്. ഇവ വിൽക്കാനും കഴിയില്ല. അഞ്ചുമീറ്റർ പരിധിയിൽ കെട്ടിടമുണ്ടെങ്കിൽ പൊളിക്കേണ്ട, പക്ഷേ പുതുക്കിപ്പണിയാൻ അനുവാദം ഉണ്ടാകില്ലെന്നാണ് കെ-റെയിലിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.