'മുരുകൻ നായർക്ക് അഭിനന്ദനം'; കവി മുരുകൻ കാട്ടാക്കടയെയും മലയാളം മിഷനെയും ട്രോളി സോഷ്യൽ മീഡിയ

മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകൻ കാട്ടാക്കടക്ക് എട്ടിന്റെ 'പണി' കൊടുത്ത് മലയാളം മിഷൻ. കവി മുരുകൻ കാട്ടാക്കടയെ മലയാളം അറിയുന്നത് അതേ പേരിൽ തന്നെയാണ്. ഇടതുസഹയാത്രികനായ കവി അടുത്തിടെ കെ -റെയിൽ അനുകൂല കവിത എഴുതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെയാണ് പുതിയ സ്ഥാനലബ്ധി.

 


ഡയറക്ടറായി ചുമതലയേറ്റ കവിക്ക് മലയാളം മിഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ആശംസ അറിയിച്ചതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി മുരുകൻ നായർക്ക് മലയാളം മിഷനിലേക്ക് ഹാർദ്ദമായ സ്വാഗതം' എന്നാണ് ഫേസ്ബുക്ക് പേജ്. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നത്. കോൺഗ്രസ് നേതാവ് വി.ടി ബൽറാം അടക്കമുള്ളവർ മലയാളം മിഷന്റെ ഫേസ്ബുക്ക് കുറിപ്പ് വിമർശനപരമായി പങ്കുവെച്ചിട്ടുണ്ട്.

മുരുകൻ കാട്ടാക്കട എന്ന കവിക്ക് ഇടതുപക്ഷം ജാതിവാൽ തുന്നിച്ചേർത്തു എന്ന നിലക്കുള്ള വിമർശനങ്ങളാണ് ഉയരുന്നത്. 'വാലുമുറിച്ചിരുന്ന നായരൂട്ടിക്ക് ഇടത് സാംസ്കാരിക വകുപ്പ് വാല് വച്ച് പിടിപ്പിച്ചു.അങ്ങനെയവർ ജാതി മഹാത്മ്യം വിളമ്പുകയാണ് സഖാക്കളേ...'-ഒരാൾ ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എമ്മിന് വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപ്പിച്ച 'മനുഷ്യനാകണം, മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം' എന്ന ഗാനത്തിന് ചിലർ പാരഡിയും ഒരുക്കിയിറക്കി.

'നായരാവണം, നായരാവണം, ഉയർച്ച താഴ്ചകൾക്കതീതനായ നായരേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ്‌ മാർക്സിസം' എന്നാണ് ഒരാൾ വി.ടി ബൽറാമിന്റെ പോസ്റ്റിന് കീഴിൽ കമന്റ് ആയി ഇട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് കവി മുരുകൻ കാട്ടാക്കട തന്നെ രംഗത്തെത്തി. 'തന്റെ ഔദ്യോഗിക നാമമാണ് മുരുകൻ നായർ എന്നത്. മലയാളം മിഷന് സാങേകതിക പിഴവ് പറ്റി. അങ്ങനെ നൽകിയത് നന്നായില്ല' -കവി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - ‘Congratulations to Murugan Nair’; social media against poet Murugan Kattakada and Malayalam Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.