തൃശൂർ: തൃശൂരിലെ കോൺഗ്രസിലെ കൂട്ടത്തല്ലിൽ നടപടിക്കൊരുങ്ങി കേന്ദ്രനേതൃത്വം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോട് രാജിക്കത്ത് സമർപ്പിക്കാൻ കെ.പി.സി.സി നിർദേശം നൽകി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് കെ.പി.സി.സിയുടെ നിർദേശം. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് ഡി.സി.സിയുടെ പകരം ചുമതല നൽകുമെന്നും റിപ്പോർട്ടുണ്ട്.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.വിൻസെന്റിനോടും രാജിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് തൃശൂരിലെത്തുന്നുണ്ട്. അധ്യക്ഷൻ തന്നെ നടപടി വിവരങ്ങൾ ഡി.സി.സിയെ അറിയിക്കുമെന്നാണ് സൂചന.
ചർച്ചക്കായി ഇന്നലെ ഡൽഹിയിലെത്തിയ ജോസ് വള്ളൂർ , വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുമായാണ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയത്.
ഡി.സി.സി ഓഫിസിൽ വെള്ളിയാഴ്ചയുണ്ടായ കൂട്ടത്തല്ലിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. മർദനമേറ്റ് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരന്‍റെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തന്നെ ഡി.സി.സി ഓഫിസിൽവെച്ച് യൂത്ത് കോൺഗ്രസുകാർ മർദിച്ചുവെന്ന് പറഞ്ഞ് സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഡി.സി.സിക്ക് മുന്നിലും മറ്റും പോസ്റ്ററുകൾ പതിച്ചത് താനാണെന്ന് പറഞ്ഞ് ജോസ് വള്ളൂർ അനുകൂലികൾ ആക്രമിച്ചെന്നായിരുന്നു സജീവന്‍റെ ആരോപണം.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എം.എൽ.എ പി.എ. മാധവൻ അനുനയിപ്പിച്ചാണ് ഓഫിസിൽ കുത്തിയിരുന്ന സജീവനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.