പാലക്കാട്: പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പ് രാജിവെച്ച കോൺഗ്രസ് കൗൺസിലർ വി. ശരവണൻ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ പൊങ്ങി. ബുധനാഴ്ച വൈകീട്ട് ആറരയോടെ ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസിനും സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിനുമൊപ്പമാണ് അദ്ദേഹം ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിലെത്തിയത്. ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ശരവണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തുടർന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും ഷാൾ അണിയിച്ച് സ്വീകരിച്ചു. ശരവണനെ കാണാനില്ലെന്ന് പരാതി നൽകിയ ഡി.സി.സി പ്രസിഡൻറിനെതിരെ പട്ടികജാതി സംരക്ഷണ വകുപ്പടക്കമുപയോഗിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതായി ബി.ജെ.പി ജില്ല പ്രസിഡൻറ് അറിയിച്ചു. നഗരസഭയിലെ രണ്ടാംവാർഡായ കൽപാത്തിയിൽനിന്നാണ് ശരവണൻ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചത്.
രാജി: കാരണം സി.പി.എം സഹകരണം
സി.പി.എമ്മുമായി സഹകരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതാണ് അവിശ്വാസത്തിന് തൊട്ടുമുമ്പ് രാജിവെക്കാൻ കാരണമെന്ന് നഗരസഭ മുൻ കൗൺസിലർ കെ. ശരവണൻ. രാജിക്കാര്യം പലതവണ പ്രാദേശിക േനതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. മനഃസാക്ഷിക്ക് തോന്നിയതാണ് ചെയ്തത്. സ്ഥിരംസമിതി അധ്യക്ഷന്മാർക്കെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നപ്പോൾ സി.പി.എമ്മുമായി സഹകരിച്ചല്ലോയെന്ന ചോദ്യത്തിന് ഇനി അവിശ്വാസമുണ്ടാവില്ലെന്ന് കരുതിയാണ് അന്ന് സഹകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാരീതിയിലുള്ള സംരക്ഷണവും ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഭിച്ചെന്ന് പറയുന്ന കോഴപ്പണത്തെക്കുറിച്ച് പ്രചരിപ്പിച്ചവരോടാണ് ചോദിക്കേണ്ടത്. താൻ മുങ്ങിയെന്ന ഡി.സി.സി പ്രസിഡൻറിെൻറ ആരോപണം അടിസ്ഥാനരഹിതമാണ്. ക്ഷേത്രദർശനത്തിന് പോയതാണ്. പിന്തുണതേടി ബുധനാഴ്ചയാണ് ബി.ജെ.പി നേതൃത്വത്തെ സമീപിച്ചതെന്നും ശരവണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.