കോട്ടയം: സോളാർ കമീഷനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെച്ചൊല്ലി കോൺഗ്രസിൽ വിഴുപ്പലക്ക്. എ ഗ്രൂപ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി എതിർവിഭാഗം നേതാക്കൾ രംഗത്തെത്തുന്നത് വിഷയം രൂക്ഷമാക്കുകയാണ്.
ബ്ലോക്ക് പുനഃസംഘടന വിഷയത്തിൽ പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സോളാർ കമീഷനുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് സി. ദിവാകരന്റെയും മുൻ ഡി.ജി.പി എ. ഹേമചന്ദ്രന്റെയും പുസ്തകങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളെച്ചൊല്ലിയുള്ള വാക്പോരും. സോളാർ കേസിൽ ഏറെ നഷ്ടമുണ്ടായ ഉമ്മൻ ചാണ്ടിക്കുവേണ്ടി എ ഗ്രൂപ് രംഗത്തിറങ്ങിയതോടെയാണ് കോൺഗ്രസിൽ വിഷയം ചൂടുപിടിച്ചത്. എന്നാൽ, ആരോഗ്യപ്രശ്നമുള്ള ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന നിലപാടുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. കേരളത്തിന്റെ പൊതുസ്വത്താണ് അദ്ദേഹം. എക്കാലത്തും അദ്ദേഹം പറയുന്നത് അംഗീകരിക്കുന്നതാണ് ഈ പാർട്ടി. അതിന് തൊട്ടുതാഴെയുള്ള പാരമ്പര്യം ഞങ്ങൾക്കുമുണ്ട്. ഗ്രൂപ് സമവാക്യങ്ങളെക്കാൾ മാർഗമാണ് വലിയ വെല്ലുവിളി. സർക്കാറിനെതിരായ പ്രക്ഷോഭമാണ് ആവശ്യം. എന്നാൽ, അതിനെ ഛിന്നഭിന്നമാക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് സമാനമായ ശ്രമങ്ങളാണ് നടക്കുന്നത്. പഴയത് ആവർത്തിക്കരുതെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനും സർക്കാറിനുമെതിരെ മികച്ച രാഷ്ട്രീയ ആയുധമാക്കി സോളാർ കമീഷനെ മാറ്റുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്ന എ ഗ്രൂപ്പിന്റെ ആരോപണത്തിനുള്ള മറുപടിയായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകൾ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി. ജോസഫ് തന്നെ പരസ്യമായി ഈ വിഷയത്തിൽ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെ ലക്ഷ്യം െവച്ചായിരുന്നു ഈ പ്രസ്താവനയെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എം.എം. ഹസൻ ഒഴികെ മറ്റ് നേതാക്കളൊന്നും ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയില്ലെന്ന ആക്ഷേപമാണ് കെ.സി. ജോസഫ് കഴിഞ്ഞദിവസം ഉന്നയിച്ചത്. എന്നാൽ, ആ ആക്ഷേപത്തെ തള്ളുകയാണ് തിരുവഞ്ചൂർ. ‘ഉമ്മൻ ചാണ്ടിയോട് ചെയ്തതിന് കാലം നിങ്ങളോട് കണക്ക് ചോദിക്കുമെന്ന്’ നിയമസഭയിൽ പറഞ്ഞ പ്രതിപക്ഷ നേതാവിനെക്കുറിച്ചാണ് പറയുന്നതെന്ന് ഓർക്കണമെന്നാണ് എ ഗ്രൂപ്പിന് തിരുവഞ്ചൂർ നൽകിയ മറുപടി.
അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളിൽ പാർട്ടി പ്രതികരിച്ചില്ല എന്ന് പറയുന്നത് ശരിയല്ല. ഈ കേസിൽ തനിക്കറിയാവുന്ന കാര്യങ്ങളൊന്നും ഇന്ന് പ്രതികരിക്കുന്ന പലർക്കും അറിയില്ലെന്ന തിരുവഞ്ചൂരിന്റെ ഓർമപ്പെടുത്തലും നിർണായകമാണ്. ഹേമചന്ദ്രന്റെ ആത്മകഥയിലൂടെ കുറേ സത്യങ്ങൾ പുറത്തെത്തിയത് തനിക്ക് ആശ്വാസമായെന്നും അദ്ദേഹം പറയുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫായിരുന്ന ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതിലുൾപ്പെടെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിനെ പാർട്ടിയിലെ ഒരു വിഭാഗം പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു.
എന്നാൽ, ഹേമചന്ദ്രന്റെ പുസ്തകത്തിൽ ആഭ്യന്തരമന്ത്രി അറിയാതെയായിരുന്നു അറസ്റ്റെന്ന് വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തുടർ സർക്കാർ വരുന്നതിനും അദ്ദേഹം പ്രതിപക്ഷ നേതാവായി എത്തുന്നതിനും തടയിട്ടത് പാർട്ടിക്കുള്ളിൽനിന്ന് ഈ വിഷയം ഉയർത്തിയാണെന്ന പരാതിയാണ് എ ഗ്രൂപ്പിനുള്ളത്. ബ്ലോക്ക് പുനഃസംഘടനയിൽ അവഗണിച്ചെന്ന പരാതിയും എ ഗ്രൂപ്പിനുണ്ട്. ഈ ആക്ഷേപങ്ങളോട് കോൺഗ്രസ് നേതാക്കളിൽനിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടാകാത്തതും അവരെ അസംതൃപ്തരാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.