തിരുവനന്തപുരം: വട്ടിയൂർക്കാവിലെ തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എ.ഐ.സി.സി അംഗം കാവല്ലൂർ മധു (63) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച രാവിലെ പത്തോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പത്തിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. സംസ്കാരചടങ്ങുകൾ കഴിയുംവരെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫിെൻറ പ്രചാരണ പരിപാടികൾ നിർത്തിെവച്ചു.
തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ മധുവിന് പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദർശനത്തിനിടെ ശ്വാസംമുട്ട് അനുഭവെപ്പട്ടു. ആശുപത്രിയിലെത്തിക്കാമെന്ന് പ്രവർത്തകർ പറഞ്ഞെങ്കിലും സ്വയം സ്കൂട്ടർ ഓടിച്ച് വീട്ടിൽ പോയി. വീട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിലെത്തിച്ചു. വൈകാതെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം വട്ടിയൂർക്കാവ് കാവല്ലൂരിലെ വസതിയായ ‘പ്രിയദർശിനി’യിലെത്തിച്ചു.
2006ലെ നിയമസഭ െതരഞ്ഞെടുപ്പിൽ കിളിമാനൂരിൽ നിന്ന് മത്സരിച്ചിരുന്നു. കാവല്ലൂർ പട്ടികജാതി വെൽഫെയർ സഹകരണ സംഘം, വട്ടിയൂർക്കാവിലെ സ്വതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദർശിനി സാംസ്കാരിക സമിതി എന്നിവയുടെ പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എസ്.ടി. ഗീതാകുമാരി (റിട്ട. മൃഗസംരക്ഷണ വകുപ്പ്). മക്കൾ: അരുൺ, അനീഷ്. മരുമകൾ: മീരാദേവ്.
കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.