‘ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യം ഒഴുക്കുന്നു’; പെട്ടി വിവാദത്തിന് പിന്നാലെ പുതിയ ആരോപണവുമായി സി.പി.എം

പാലക്കാട്: പെട്ടി വിവാദത്തിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1326 ലിറ്റർ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു സി.പി.എമ്മിന്‍റെ ആരോപണം.

ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്നാണ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കള്ളപ്പണത്തിനു പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവിന്‍റെ പക്കൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ സഹോദരന്‍റെ മകനാണ് പ്രതിയെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ തെങ്ങിന്‍തോപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തില്‍ വണ്ണാമട സ്വദേശി എ. മുരളിയെ (50) എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. 35 ലിറ്ററിന്‍റെ 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

Tags:    
News Summary - Congress pours liquor in by-elections - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.