തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുൽ ഗാന്ധി ഇതാദ്യമായി വ്യാഴാഴ്ച കേരളത്തിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പടയൊരുക്കം പ്രചാരണജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുൽ എത്തുന്നത്. വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പടയൊരുക്കത്തിെൻറ സമാപനസമ്മേളനം.
രാവിലെ പതിനൊന്നിന് രാഹുൽ ഗാന്ധി തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തില്‍നിന്ന് നേരെ ഓഖി ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ പൂന്തുറയിലേക്കും വിഴിഞ്ഞത്തേക്കും പോകും. തുടര്‍ന്ന് ഹെലികോപ്ടറിൽ കന്യാകുമാരിയിൽ ഓഖി ദുരന്തത്തിനിരയായ ചിന്നത്തുറൈ സന്ദർശിക്കും. തുടർന്ന് 2.50ന് തിരുവനന്തപുരത്തെത്തുന്ന രാഹുൽ മാസ്കറ്റ് ഹോട്ടലിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 3.40ന് തൈക്കാട് പൊലീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബേബിജോണ്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് വൈകീട്ട് അഞ്ചരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി പടയൊരുക്കം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം രാത്രി എട്ടുമണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. പടയൊരുക്കം സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ നാലുമണിക്ക് മുമ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.