മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം; കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്, ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്/കൊച്ചി: സ്വർണം, കറൻസി കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. കോഴിക്കോട്, കണ്ണൂർ, കൊല്ലം അടക്കമുള്ള കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചുകളാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂരിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കൊല്ലത്ത് കോൺഗ്രസ്-ആർ.വൈ.എഫ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ആർ.വൈ.എഫ് പ്രവർത്തകനും പൊലീസുകാരനും പരിക്കേറ്റു. കാസർകോട് പ്രതിഷേധക്കാർ ബിരിയാണി ചെമ്പ് കലക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു.

മുഖ്യമന്ത്രി തൊടുന്നതെല്ലാം അക്ഷരാർഥത്തിൽ പൊന്നാക്കുകയാണെന്ന് കൊച്ചിയിൽ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തെളിവ് നൽകാതിരിക്കാനാണ് കേസ് എടുക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കോടതിയിൽ മൊഴി നൽകിയതിന് പ്രതിയെ സർക്കാർ വിരട്ടുകയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുള്ളത്. ഇനി ആരും മൊഴി നൽകാതിരിക്കാനാണ് സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കിൽ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശൻ പറഞ്ഞു.

രണ്ടുതവണ സ്വർണക്കടത്ത് കേസ് നിയമസഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. തുടർന്നാണ് പി.ടി തോമസ് നിയമസഭക്ക് മുമ്പിൽ പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷം വിശ്വസിക്കുന്നില്ല. സംസ്ഥാന ഏജൻസിക്ക് ഈ കേസ് അന്വേഷിക്കാൻ കഴിയില്ല.

Full View

ഹൈകോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടക്കണം. അതുവരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമയതിനാലാണ് 164 പ്രകാരം മൊഴി നൽകാൻ കോടതി സ്വപ്നക്ക് അനുമതി നൽകിയതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്കും ജലക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുന്നത്.

അതിനിടെ, കണ്ണൂർ കലക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പൊലീസ് നോട്ടീസ് നൽകി. സംഘർഷമുണ്ടാക്കരുതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പിലുണ്ട്.

മാർച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും 200 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. ബിരിയാണി ചെമ്പുമായാണ് കോൺഗ്രസ് പലയിടത്തും പ്രതിഷേധത്തിനെത്തുന്നത്.

സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

Tags:    
News Summary - Congress protests against CM; Collectorate clashes in March, water cannon applied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.