തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സംസ്ഥാന നേതൃത്വത്തിെൻറ വീഴ്ചയാണെന്ന് ഹൈകമാൻഡിന് മുന്നിൽ റിപ്പോര്‍ട്ട്.
ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായില്ലെന്നും കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അന്‍വര്‍ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇൗ അനൈക്യം പ്രവര്‍ത്തകരിലും അണികളിലും പ്രകടമായിരുന്നു. ഗ്രൂപ് നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയം സംസ്ഥാന നേതാക്കള്‍ തെറ്റിദ്ധരിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ യു.ഡി.എഫിന് വന്‍ വിജയമുണ്ടായത്.
എന്നാല്‍, ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് പാഠം ഉൾക്കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും അലംഭാവം കാട്ടിയെന്നും വിശദീകരിക്കുന്നു.
ചൊവ്വാഴ്ചയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ വസ്തുതാന്വേഷണ സമിതിക്ക് കോണ്‍ഗ്രസ് ഹൈകമാൻഡ് അന്തിമരൂപം നല്‍കിയത്.
അശോക് ചവാന് അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തുക. സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.