കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം (ഫയൽ ചിത്രം)

എൽ.ഡി.എഫ് നീക്കത്തെ കോൺഗ്രസ് തുണച്ചു​; കല്ലിയൂരിൽ ബി.ജെ.പി ഭരണത്തിന് അന്ത്യം

നേമം: കല്ലിയൂർ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗത്തിന്റെയും ബി.ജെ.പി വിമത അംഗത്തിന്റെയും പിന്തുണയിലാണ് പ്രമേയം പാസായത്.

21 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പി - 10, എൽ.ഡി.എഫ് - 9, കോൺഗ്രസ് - 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണയ്ക്കെതിരേ എൽ.ഡി.എഫിലെ എം. സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയം 11 വോട്ടുകൾക്ക് പാസായി. എൽ.ഡി.എഫ് അംഗങ്ങൾക്ക് പുറമെ ബി.ജെ.പി വിമത അംഗം സുധർമ്മയും കോൺഗ്രസ് അംഗം ശാന്തിമതിയുമാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്.

ബി.ജെ.പി നേതൃത്വത്തിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി പ്രസിഡന്റിനെതിരായ അവിശ്വാസ ചർച്ചയിൽ ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. ഇത് ചർച്ചയായതോടെ ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തു. സി.പി.എം അംഗം സുജിത്ത് അവതരിപ്പിച്ച ഈ അവിശ്വാസ പ്രമേയവും ഒൻപതിനെതിരേ 11 വോട്ടുകൾക്ക് പാസായി. ഇതോടെ കല്ലിയൂർ പഞ്ചായത്തിൽ ഏഴര വർഷമായുള്ള ബി.ജെ.പി ഭരണത്തിന് അന്ത്യമായി.

ബി.ജെപി ഭരണസമിതി നിലവിൽ വന്നശേഷം അഴിമതിയുടെ കേന്ദ്രമായി കല്ലിയൂർ പഞ്ചായത്ത് മാറി എന്നതാണ് എൽ.ഡി.എഫ് ആരോപണം. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ആശുപത്രിയിലെ താത്കാലിക ജോലി എന്നീ തസ്തികക​ളില പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചു. കൂടാതെ ജൈവവൈവിധ്യ കലവറയായ വെള്ളായണി കായലിനെ സംരക്ഷിക്കുന്നതിന് പകരം ബി.ജെ.പി വാർഡ് മെമ്പർമാരുടെ ഒത്താശയോടെ അനധികൃത നിർമാണങ്ങൾക്ക് യഥേഷ്ടം പെർമിറ്റുകൾ നല്കിയതിൽ വൻ സാമ്പത്തിക ഇടപാടാണ് നടന്നതെന്നും ആരോപണം ഉയർന്നിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് എൽ.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.



Tags:    
News Summary - Congress supports LDF move; End of BJP rule in Kalliyoor Grama Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.