തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാനഘട്ടത്തിൽ ഇടതു നേതാവിെൻറ സ്ത്രീവിരുദ്ധ പരാമർശം ആയുധമാക്കി കോൺഗ്രസ്. രാഹുൽ ഗാന്ധിക്കെതിരെ മുന്‍ ഇടത് എം.പി. ജോയ്സ് ജോർജ് നടത്തിയ പ്രസ്താവന പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അപകടം മനസ്സിലാക്കി ജോയ്സിെൻറ വാക്കുകളെ പരസ്യമായി തള്ളി സി.പി.എം രംഗത്തെത്തുകയും ജോയ്സിനെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തെങ്കിലും പ്രതിഷേധത്തിന് അയവില്ല. ജോയ്സിനെ പിന്തുണച്ച മന്ത്രി എം.എം. മണിയെക്കൂടി പ്രതിക്കൂട്ടിൽ നിർത്തിയാണ് കോൺഗ്രസ് ആക്രമണം.
വിവാദ പ്രസ്താവനകള്‍ പാടില്ലെന്ന നേതൃത്വത്തിെൻറ കര്‍ശന നിര്‍ദേശം മറികടന്നാണ് ജോയ്സ് ജോര്‍ജ് മന്ത്രി മണി കൂടി പെങ്കടുത്ത യോഗത്തിൽ കഴിഞ്ഞദിവസം അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തിയത്. മുൻ എം.പിയുടെ പ്രസ്താവനയെ സി.പി.എമ്മിെൻറ സ്ത്രീവിരുദ്ധ മനോഭാവമാക്കി മാറ്റിയുള്ള പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്.
അതിെൻറ ഭാഗമായി ആക്ടിങ് സെക്രട്ടറിയും ചില മന്ത്രിമാരും ഉൾപ്പെടെ സി.പി.എം നേതാക്കൾ പല സന്ദർഭങ്ങളിലായി കഴിഞ്ഞകാലങ്ങളിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒാർമപ്പെടുത്തിയുള്ള പ്രചാരണമാണ് നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും ജോയ്സിെൻറ പരാമർശം ഏറ്റുപിടിച്ച് വ്യാപക പ്രചാരണം നടക്കുന്നു. സി.പി.എമ്മിെൻറ സ്ത്രീശാക്തീകരണ നിലപാടിലെ കാപട്യം തുറന്നുകാട്ടുന്നതിനൊപ്പം സ്ത്രീ വോട്ടർമാരെ യു.ഡി.എഫിന് അനുകൂലമാക്കുകയുമാണ് ലക്ഷ്യം.
ജോയ്സിെൻറ സ്ത്രീവിരുദ്ധത; പ്രതിഷേധവുമായി നേതാക്കൾ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സെൻറ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ എം.പി ജോയ്സ് ജോര്‍ജ് നടത്തിയ വിവാദ പരാമർശങ്ങൾെക്കതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്.
ജോയ്സ് നടത്തിയ മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അശ്ലീല പരാമര്‍ശം ആസ്വദിച്ച മന്ത്രി എം.എം. മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കേസെടുത്ത് ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീകളെ അണിനിരത്തി നവോത്ഥാനമതില്‍ കെട്ടിയ മുന്നണിയുടെ തനിനിറമാണ് പുറത്തുവന്നതെന്ന് ചെന്നിത്തല പറഞ്ഞു. ജോയ്സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് യു.ഡി.എഫ് വനിതാ സ്ഥാനാർഥികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി എം.എം. മണി ഉള്‍പ്പെടെയുള്ളവരുടെ ആശീര്‍വാദത്തോടെയായിരുന്നു ഈ പരാമര്‍ശങ്ങളെന്നത് ആക്ഷേപത്തിെൻറ ഗൗരവം വര്‍ധിപ്പിക്കുന്നു- അവര്‍ ചൂണ്ടിക്കാട്ടി. അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതിഷേധിച്ച് എറണാകുളം സെൻറ് തെരേസാസ് കോളജിലെ വിദ്യാർഥിനികൾ. ജോയ്സ് ജോർജിെൻറ ചിന്താഗതിയുടെ കുഴപ്പമാണിതെന്നും ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാലഘട്ടത്തിന് ചേർന്നതല്ലെന്നും അവർ പ്രതികരിച്ചു.
ജോയ്സിെൻറ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പരാമർശം അപക്വമാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി ഡീൻ കുര്യാക്കോസ് എം.പിയും ഡി.ജി.പിക്ക് പരാതി നൽകിയതായി ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാറും അറിയിച്ചു. ജോയ്സിെൻറ വാഴത്തോപ്പിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഹിള സംഘടനകളടക്കം പ്രതിഷേധ പ്രകടനം നടത്തുകയും ജോയ്സിെൻറ കോലം കത്തിക്കുകയും ചെയ്തു.
അതേസമയം, രാഹുലിനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും പരാമര്‍ശത്തെ തള്ളി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിെൻറയും രാഷ്ട്രീയ നിലപാടുകളെയാണ് സി.പി.എം എതിര്‍ക്കുന്നത്. ഇത്തരം പരാമര്‍ശം ആരിൽനിന്നും ഉണ്ടാകാന്‍ പാടിെല്ലന്നും പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.