‘അനിലേ...നിങ്ങളുടെ പിതാവ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായത് ആ കുടുംബം കാരണമാണ്’

കോഴിക്കോട്: ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെ അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് പ്രവർത്തകർ. രാജ്യത്തെ സ്നേഹിക്കുന്നതിനാലാണ് താൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ കൂടിയായ അനിൽ ആന്‍റണി പ്രസ്താവിച്ചിരുന്നു.

‘ധര്‍മോ രക്ഷതി രക്ഷതഃ. ഇതാണ് എന്റെ വിശ്വാസം. ഇന്ന് കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും വിശ്വസിക്കുന്നത് ഒരു കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് അവരുടെ ധര്‍മമെന്നാണ്. എന്റെ ധര്‍മം രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. രാജ്യത്തെ അടുത്ത 25 വര്‍ഷത്തിനകം വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്നും ബി.ജെ.പിയിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അനിൽ പറഞ്ഞു.

അതിരൂക്ഷമായാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപെടെയുള്ളവർ അനിലിന്റെ പരാമർശങ്ങളെ നേരിട്ടത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഉൾപെടെയുള്ളവർ യൂദാസിനോടാണ് പെസഹാ ദിവനത്തിൽ അനിൽ ആന്റണിയെ ഉപമിച്ചത്.

‘നിങ്ങളുടെ പിതാവായ എ.കെ. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായത് നിങ്ങൾ കുറ്റപ്പെടുത്തുന്ന ആ കുടുംബം കാരണമാണെന്ന് ഓർത്താൽ നന്ന്’ -ട്വിറ്ററിൽ ഒരാൾ കുറിച്ചതിങ്ങനെ. ‘നിന്റെ കൂട്ടത്തിൽ ഒരുവൻ തന്നെ നിന്നെ ഒറ്റിക്കൊടുക്കും. യൂദാസ് കർത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം’ എന്ന് മറ്റൊരാൾ എഫ്.ബിയിൽ കുറിച്ചു. ‘യൂദാസ് ഇതേ ദിവസം യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത ശേഷം തൂങ്ങിച്ചത്തു.. അപ്പനെയും കോൺഗ്രസിനെയും ഒറ്റിക്കൊടുത്ത അനിലേ, നിനക്കൊന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യാമായിരുന്നു’ എന്ന് മറ്റൊരാൾ എഴുതി. ‘കുറെ കഴിയുമ്പോൾ വല്ല മിസോറാമിലോ  നാഗാലാൻഡിലോ ഗവർണർ ആകാം’ എന്നും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറഞ്ഞു.

‘കോൺഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്...അനിൽ ആന്റണിയെ കുറ്റം പറയാൻ പറ്റില്ല. അനിൽ ആന്റണി ജനിക്കുമ്പോൾ പിതാവ് രാജ്യസഭാ അംഗമാണ് (1985-91). പിന്നീട് നാലു തവണയായി ആകെ 28 വർഷം രാജ്യസഭാ എം.പിയായി. ഇതിനിടെ പ്രതിപക്ഷനേതാവും രണ്ടു തവണ മുഖ്യമന്ത്രിയുമായി. ആകെ മൂന്നു തവണയായി ആറു വർഷം മുഖ്യമന്ത്രിയും 20 വർഷം എം.എൽ.എയും. ഒപ്പം എട്ടുവർഷം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും രണ്ടുവർഷം ഭക്ഷ്യ മന്ത്രിയും. 2022ന് ശേഷം പിതാവ് അധികാരരാഷ്ട്രീയം ഒഴിയുമ്പോ അധികാരം മാത്രം കണ്ട് ശീലിച്ച മകൻ അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാൽ അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലർക്ക് മാത്രം എന്നും അധികാരം നൽകിയ കോൺഗ്രസിനെയാണ്’-എന്ന് വൈറലായ കുറിപ്പിൽ ഒരേസമയം പാർട്ടിയെയും അനിലിനെയും ട്രോളി ഷീബ രാമചന്ദ്രൻ എഴുതി.

ബി.ജെ.പി ആസ്ഥാനത്ത് പിയൂഷ് ഗോയൽ ഷാൾ അണിയിച്ച് പാർട്ടി അംഗത്വം നൽകിയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ മകൻ അനിൽ ആന്‍റണിയെ വരവേറ്റത്. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയായിരുന്നു

Tags:    
News Summary - Congress workers reacted strongly against Anil Antony's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.