തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വം നിഷേധിക്കപ്പെട്ടതിൽ രമേശ് ചെന്നിത്തലക്കുള്ള അതൃപ്തി കുഴപ്പമാകില്ലെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പ്രതീക്ഷിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ആന്റണി വ്യക്തമാക്കി.
പ്രതീക്ഷിച്ചിരുന്ന പ്രവർത്തകസമിതി അംഗത്വം നിഷേധിക്കപ്പെട്ടതിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തിയിലാണ്. ‘പ്രതികരിക്കാനില്ലെന്ന’ പ്രതികരണത്തിലൂടെയാണ് തന്റെ പ്രതിഷേധവും രോഷവും ചെന്നിത്തല കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.
18 പേരടങ്ങുന്ന സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് ചെന്നിത്തലയുടെ സ്ഥാനം. എന്നാൽ, 19 വർഷം മുമ്പുതന്നെ ചെന്നിത്തല ക്ഷണിതാവായി പ്രവർത്തക സമിതിയിലെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹി എന്ന നിലയിൽ അതിന് മുമ്പും. ഇതാണ് അതൃപ്തിക്കുള്ള മറ്റൊരു കാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഇത്തരമൊരു കല്ലുകടി നേതൃത്വം എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ഉമ്മൻ ചാണ്ടിയുടെയും വിരമിക്കൽ പ്രഖ്യാപിച്ച എ.കെ. ആന്റണിയുടെയും ഒഴിവുകൾ പ്രതീക്ഷിച്ചിരിക്കെ ചെന്നിത്തലക്കൊപ്പം കേരളത്തിൽ നിന്ന് രണ്ടാമത്തെയാൾ ആരെന്ന ചർച്ച മാത്രമാണ് ശേഷിച്ചിരുന്നത്. ഫലത്തിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള രമേശിന് അംഗത്വം ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെക്കാൾ ജൂനിയറായ ശശി തരൂരിന് അംഗത്വം നൽകുകയും ചെയ്തു.
എ.കെ. ആന്റണിയുടെ പ്രവർത്തകസമിതി അംഗത്വം നിലനിർത്തിയതാണ് ചെന്നിത്തലയുടെ വഴിയടച്ചത്. കോൺഗ്രസിന്റെ പരമോന്നത സമിതിയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പവരുത്തുന്നതിനു വേണ്ടിയാണ് ആന്റണിയെ ഉൾപ്പെടുത്തിയതെന്നാണ് വിവരം. ഓസ്കർ ഫെർണാണ്ടസും എ.കെ. ആന്റണിയും അടക്കമുള്ളവരാണ് മുൻകാലങ്ങളിൽ ഈ വിടവ് നികത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.