കോഴിക്കോട്: മുസ്ലിം ലീഗിനും സി.പി.എമ്മിനും പിന്നാലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺഗ്രസും. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന സി.പി.എം ആരോപണത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യം. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മുസ്ലിം ലീഗ് നടത്തിയ റാലി മുന്നിലുള്ളതിനാൽ കോഴിക്കോടിന്റെയും അയൽ ജില്ലകളിലെയും പ്രവർത്തകരെ ഉൾക്കൊള്ളിച്ച് വൻ ജനപങ്കാളിത്തം ലക്ഷ്യമിട്ടാണ് പ്രചാരണം.
നവംബർ 23ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സാമുദായിക പരിപാടിയായി മാറ്റുന്നതിന് പകരം, വിവിധ മത, സാമുദായിക, സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിലൂടെ സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടക്ക് തിരിച്ചടി നൽകാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
ശനിയാഴ്ച കോഴിക്കോട് നടക്കുന്ന സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചും കോൺഗ്രസിനെ അകറ്റി നിർത്തിയുമുള്ള നിലപാട് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിലൂടെ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു ലക്ഷ്യം. ക്ഷണം ലീഗ് നിരസിച്ചത് കോൺഗ്രസിന് ആശ്വാസമായെങ്കിലും തങ്ങൾക്കെതിരായ സി.പി.എം പ്രചാരണം മുസ്ലിം സമുദായത്തിൽ സ്വാധീനം ചെലുത്തുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഫലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാണെങ്കിലും സി.പി.എമ്മിന്റെ നിരന്തരമുള്ള പ്രചാരണത്തിന്റെ വേരറുത്തില്ലെങ്കിൽ മലബാറിലെങ്കിലും അത് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തിലിൽനിന്നാണ് റാലിയുടെ പ്രഖ്യാപനമുണ്ടായത്. സി.പി.എം റാലി ഫലസ്തീൻ വിഷയത്തിനപ്പുറം സാമുദായിക, രാഷ്ട്രീയ അജണ്ടയായി മാറിയെന്ന പ്രചാരണത്തിലൂടെ തിരിച്ചടിക്കുകയാണ് കോൺഗ്രസ്. ഇസ്രായേൽ ഭീകരതയും മനുഷ്യാവകാശ ധ്വംസനവും റാലിയിൽ തുറന്നുകാട്ടുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. എ.ഐ.സി.സി.ക്കും കെ.പി.സി.സിക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണെന്നും സി.പി.എം ചെയ്യുന്നതുപോലെ രാഷ്ട്രീയ, സാമുദായിക ഭിന്നത സൃഷ്ടിക്കൽ കോൺഗ്രസിന്റെ അജണ്ടയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.