തിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടി സെക്ഷൻ ഓഫിസ് ആക്രമിച്ചെന്ന് ആരോപിച്ച് തിരുവമ്പാടി ഉള്ളാട്ടിൽ യു.സി. അബ്ദുറസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടി തിരുത്തി കെ.എസ്.ഇ.ബി. 30 മണിക്കൂറിന് ശേഷം ഞായറാഴ്ച രാത്രി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരാതിയിൽ അബ്ദുറസാഖിന്റെ മക്കളായ അജ്മലിനെയും ഷഹദാദിനെയും അറസ്റ്റ് ചെയ്തിരുന്നു. ബിൽ കുടിശ്ശിക ഇല്ലാതിരിക്കെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്.
തുടർന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെട്ടു. ജീവനക്കാർക്ക് നേരെ ഇനി അക്രമമുണ്ടാവില്ലെന്ന ഉറപ്പുകിട്ടിയാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ സി.എം.ഡിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വിച്ഛേദിക്കാൻ നിയമമില്ല എന്ന് പറയുന്നവർ ഓഫിസ് തല്ലിപ്പൊളിച്ചതിന് നിയമമുണ്ടോ എന്നുകൂടി വ്യക്തമാക്കണം. പണമടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കേണ്ടിവരും. അതിന് കഴിഞ്ഞില്ലെങ്കിൽ കെ.എസ്.ഇ.ബിക്ക് പണമടച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല എന്ന ട്രെൻഡ് വരും. പണം കൊടുത്താലേ നമുക്ക് വൈദ്യുതി കിട്ടൂ. പീക്ക് സമയങ്ങളിൽ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത് -മന്ത്രി പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടം മുഴുവൻ ഈടാക്കുമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു. പിന്നാലെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്താൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. തുടർന്നാണ് രാത്രി ജീവനക്കാരെത്തി പുനഃസ്ഥാപിച്ചത്.
അതേസമയം, തന്നെ കെ.എസ്.ഇ.ബി ജീവനക്കാർ കൈയേറ്റം ചെയ്തെന്നുകാട്ടി അബ്ദുറസാഖിന്റെ ഭാര്യ യു.സി. മറിയം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.ഇ.ബി എക്സി. എൻജിനീയർ പരാതി പരിശോധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.