കൊച്ചി: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനെ പ്രതിക്കൂട്ടിലാക്കിയ വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ ഒടുവിൽ മലക്കം മറിഞ്ഞു. ഇ.പിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ നന്ദകുമാറിനെതിരെ നിയമനടപടി സ്വീകരിക്കാനും ബന്ധം അവസാനിപ്പിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജന് നിർദേശം നൽകിയതിനു പിന്നാലെയാണിത്. ഇ.പിയെ വഴിയാധാരമാക്കില്ലെന്നും അദ്ദേഹം ബി.ജെ.പിയിൽ ചേരില്ലെന്നും നന്ദകുമാർ പറഞ്ഞു.
വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചു. ജാവ്ദേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ശോഭ സുരേന്ദ്രൻ പങ്കാളിയായിട്ടില്ല. രാമനിലയത്തിൽവെച്ച് ജാവ്ദേക്കറെ ഇ.പി കണ്ടെന്നും ഡൽഹി സന്ദർശിച്ചെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ബി.ജെ.പിയിലെ അവഗണനയിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭയുടേത്. തിരുവനന്തപുരത്ത് ഇ.പിയെ ജാവ്ദേക്കറുടെ അടുത്തെത്തിച്ചത് താനാണ്. ‘തൃശൂരിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തരുത്’ എന്നായിരുന്നു ജാവ്ദേക്കറുടെ ആവശ്യം. ലാവലിൻ കേസിലും കരുവന്നൂർ കേസിലും ഇളവ് നൽകാമെന്നായിരുന്നു പകരം ഉപാധിയെന്നും നന്ദകുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.