സോളാർ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചന: ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എം.എൽ.എയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹരജി, കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈകോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളക്കുശേഷം കേസ് വീണ്ടും ചര്‍ച്ചയായത്. ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.

ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. ത​ന്‍റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറി​ന്‍റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സി.ബി.ഐ കണ്ടെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാൾ ആണെന്നും മൊഴി ലഭിച്ചിരിക്കുകയാണ്. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - Conspiracy against Oommen Chandy in solar rape case: Plea to be heard again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.