തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിനുശേഷം അധികാരത്തിൽ വന്ന യു.പി.എ സർക്കാർ കാര്യമായി അന്വേഷിച്ചിരുന്നുവെങ്കിൽ ബി.ജെ.പിയും നരേന്ദ്രമോദിയും ഇന്ത്യയിൽ നിന്നും അപ്രസക്തമാകുമായിരുന്നുവെന്ന് മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ. ആർ.ബി. ശ്രീകുമാർ ഭരണഘടനാ സംരക്ഷണ സമിതിയുടെകേന്ദ്ര കമ്മിറ്റി ഓഫീസ് വഞ്ചിയൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം പാർലമെന്റിൽ 367 എം.പി.മാരുടെ മഹാഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും 16 അംഗങ്ങൾ മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിപക്ഷമായി അംഗീകരിക്കാനും അവരുടെ നേതാവായിരുന്ന എ.കെ.ജി.യെ പ്രതിപക്ഷ നേതാവ് ആക്കാനുള്ള ജനാധിപത്യത്തിന്റെ ഉദാത്ത മാതൃക പണ്ഡിറ്റ് ജി കാണിച്ചു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നവേളയിൽ പാർലമെന്റിൽ സന്നിഹിതനാകാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുന്ന പതിവാണ് പണ്ഡിറ്റ് ജി സ്വീകരിച്ചിരുന്നത്.
പ്രധാനമന്ത്രിയുടെ സ്വന്തം കോർപ്പറേറ്റ് നേതാവിന്റെ പേര് പാർലമെന്റിൽ പറഞ്ഞതിന് രാഹുൽഗാന്ധിയെ പാർലമെൻറിൽ നിന്നും പുറത്താക്കുന്ന തരത്തിലാണ് ജനാധിപത്യ മൂല്യങ്ങൾ നമ്മുടെ രാജ്യത്ത് തകർന്നടിഞ്ഞിരിക്കുന്നത്. സംസ്ഥാന ഭരണകൂടം നടത്തുന്ന അഴിമതിക്കെതിരെയും പ്രകൃതി ചൂഷണം ചെയ്യുന്നതിനെതിരെയും നടക്കുന്ന സമരങ്ങളിൽ രാഷ്ട്രീയ അതിപ്രസരം കാരണം ഭരണ പ്രതിപക്ഷത്തിന് താല്പര്യമില്ലാത്ത സാഹചര്യമാണ്. ജനകീയ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ജനാധിപത്യ മതേതര അഴിമതി വിരുദ്ധ പ്രസ്ഥാനമായി ആർ.ബി. ശ്രീകുമാർ ഭരണഘടന സംരക്ഷണ സമിതി മുന്നേറണമെന്ന് വി.എം. സുധീരൻ പറഞ്ഞു
ആർ.ബി. ശ്രീകുമാർ ഭരണഘടന സംരക്ഷണ സമിതി ജില്ലാ ചെയർമാൻ എം.മുഹിനുദീൻ, അധ്യക്ഷത വഹിച്ചു. വി.എസ്. ഹരീന്ദ്രനാഥ്, ആർ.ടി. പ്രദീപ്, ജി.ബാലകൃഷ്ണപിള്ള, കാരോട് അയ്യപ്പൻ നായർ, നെയ്യാറ്റിൻകര ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.