സൂര്യന് താഴെയുള്ള ഒരു ശക്തിക്കും മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി. മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാറിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എ രംഗത്തെത്തിയിരിക്കുകയാണ്. റവന്യൂ വകുപ്പും ഹൈകോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങളാണിപ്പോൾ പുനരാരംഭിച്ചത്. ഈ സാഹചര്യത്തിലാണ് സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് വ്യക്തമാക്കി എം.എം. മണിയുടെ പ്രസംഗം പുറത്തുവരുന്നത്.
`ആര് തടയാന്‍ വന്നാലും നമ്മള്‍ നിര്‍മാണം പുനരാരംഭിക്കും. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം. നല്ല ഭംഗിയായി അത് നടത്തണം. സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല. തടയാന്‍ ആര് വന്നാലും വഴങ്ങാന്‍ പാടില്ല. നടത്തുകതന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് പറയേണ്ട കാര്യമില്ലെ'ന്നും എം.എം മണി പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയമൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിനുള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങുന്നത്. സി.പി.എമ്മാണ് മൂന്നാര്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇത് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജാറാം ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈകോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പിന്നീട് സബ് കളക്ടറും സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതേസമയം, മൂന്നാറിന്റെ സമഗ്ര വികസനത്തിന് പാര്‍ക്ക് അത്യാവശ്യമാണെന്നും ഇത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.