ഫ്ലാറ്റ് നിർമിച്ചു കൈമാറിയില്ല; നിർമാണ കമ്പനി 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഫ്ലാറ്റ് നിർമിച്ച് യഥാസമയം നൽകാതെ കബളിപ്പിച്ചതിന് ദമ്പതികൾക്ക് 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം, കാക്കനാട് സ്വദേശിയും അഭിഭാഷകനുമായ എ. രാധാകൃഷ്ണൻ നായർ, ഭാര്യ പി. സുവർണകുമാരി എന്നിവർ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

''ന്യൂക്ലിയസ് ലൈവ് ലൈഫ് അപ്പാർട്ട്മെൻറ് പ്രോജക്ട്'' എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം 2018 നവംബറിൽ അപാർട്ട്മെൻറ് പൂർത്തിയാക്കി കൈമാറും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി 42, 25,099 രൂപ പരാതിക്കാർ എതിർകക്ഷികൾക്ക് നൽകുകയും ചെയ്തു. പ്രോജക്ട് ഉടൻ പൂർത്തിയാക്കി പരാതിക്കാർക്ക് ഫ്ലാറ്റ് നൽകുമെന്ന് പലതവണ എതിർകക്ഷികൾ വാഗ്ദാനം ചെയ്തുവെങ്കിലും അത് നടപ്പിൽ ആയില്ല. തുടർന്ന് പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് തങ്ങൾ നൽകിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവു നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചത്.

കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷൻ പ്രോജക്ട് സന്ദർശിക്കുകയും ഏഴുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

''പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ചില പാർപ്പിട നിർമാതാക്കളുടെ അധാർമികമായ വ്യാപാര രീതികൾ മൂലം വീട് എന്ന സ്വപ്നം തകർന്നവർ ഏറെയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ശക്തമായ നടപടികൾ അനിവാര്യമാണെന്ന് ഡി. ബി.ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി നിരീക്ഷിച്ചു.

ഫ്ലാറ്റിനായി നൽകിയ തുക പരാതിക്കാർക്ക് തിരിച്ചു നൽകണമെന്ന് എതിർകക്ഷികൾക്ക് കമ്മീഷൻ നിർദേശം നൽകി. കൂടാതെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തി അയ്യായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നും എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജോർജ് ചെറിയാൻ ഹാജരായി.

Tags:    
News Summary - Consumer Disputes Redressal Court ordered the construction company to pay Rs 47.5 lakh as compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.