കോഴിക്കോട്: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന തരത്തിൽ, തോട്ടഭൂമി യഥേഷ്ടം മുറിച്ചുവിൽക്കാൻ അനുമതി നൽകുന്ന വിവാദ സർക്കുലർ സർക്കാർ പിൻവലിച്ചു. നിയമവിരുദ്ധമായ സർക്കുലറിനെക്കുറിച്ച് വ്യാഴാഴ്ചത്തെ ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിയുടെ പേരിൽ പുറത്തുവന്ന സർക്കുലർ പിൻവലിച്ചുവെന്ന് റവന്യൂ മന്ത്രി കെ. രാജന്റെ ഓഫിസ് അറിയിച്ചു. സർക്കുലർ നിയമ വിരുദ്ധംതന്നെയെന്ന് വിലയിരുത്തിയാണ് പിൻവലിച്ചതെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ലാൻഡ് റവന്യൂ കമീഷണർ പുറപ്പെടുവിക്കുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വയനാട് ജില്ല കലക്ടർക്ക് ലാൻഡ് ബോർഡ് സെക്രട്ടറി 2023 ആഗസ്റ്റ് 11ന് അയച്ച സർക്കുലറിലാണ് ഭൂപരിഷ്കരണ നിയമത്തിന് പുതിയ വ്യാഖ്യാനം നൽകി വലിയ അട്ടിമറിക്ക് കളമൊരുക്കിയത്. ഭൂപരിഷ്കരണ നിയമത്തിന്റെ ഇളവ് മറികടന്ന് തോട്ടഭൂമി പരിധിയിൽ കവിയാത്തവിധം തരംമാറ്റി മുറിച്ചുവിൽക്കാൻ ഉടമകളെ അനുവദിക്കുന്നതായിരുന്നു സർക്കുലർ. ഭൂപരിഷ്കരണ നിയമത്തെത്തന്നെ റദ്ദ് ചെയ്യുന്ന ഈ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.