തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കും പൊലീസിനുമായി വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു. പ്രതിമാസം 80 ലക്ഷം രൂപ വാടകക്ക് ചിപ്സണ്‍ ഏവിയേഷനുമായി കരാറൊപ്പിടാനാണ് തീരുമാനം. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്ടര്‍ തലസ്ഥാനത്തെത്തും. മൂന്നുവർഷത്തേക്കാണ് കരാർ.
അതേസമയം, വലിയ ധനപ്രതിസന്ധിക്കിടെ ഭീമമായ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രക്ക് ഹെലികോപ്ടർ വാടകക്ക് എടുക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി 2020ലാണ് ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. പവൻഹാൻസ് കമ്പനിയിൽ 22 കോടിക്കാണ് അന്ന് ഹെലികോപ്ർ വാടക്കെടുത്തത്. ആക്ഷേപം ഉയര്‍ന്നതോടെ ഹെലികോപ്ടറിന്റെ വാടക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കരാര്‍ പുതുക്കില്ല.
പിന്നീട് കഴിഞ്ഞ മാർച്ച് രണ്ടിനാണ് ചിപ്സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. നിയമക്കുരുക്കുകള്‍ നിരവധിയായിരുന്നതിനാൽ മാസങ്ങള്‍ക്കു ശേഷമാണ് അനുമതി നൽകിയത്. ഇതിനിടെ ഹെലികോപ്ടർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് ചിപ്സണ്‍ ആവശ്യപ്പെട്ടു. എന്നാൽ, തിരുവനന്തപുരത്തുതന്നെ വേണമെന്നായി പൊലീസിന്റെ ആവശ്യം. തിരുവനന്തപുരത്താണെങ്കിൽ പാർക്കിങ്ങിന് തുക കൂടിവേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽതന്നെ പാർക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യവും സർക്കാർ അംഗീകരിച്ച് അന്തിമ ധാരണപത്രം ഒപ്പുവെക്കാൻ തീരുമാനിക്കുകയായിരുന്നു.
അടുത്തയാഴ്ച പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും ചിപ്സസണ്‍ അധികൃതരുമായി കരാർ ഒപ്പുവെകും. പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യം ഹെലികോപ്റ്ററിലുണ്ട്. മാവോവാദി നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങി പൊലീസിന്റെ ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്ടര്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ചെലവ് ചുരുക്കണമെന്ന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടിക്കടി ഉപദേശിക്കുന്ന മുഖ്യമന്ത്രി, പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ ഇതിൽനിന്ന് പിന്മാറണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.