തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് പോകുന്ന സർക്കാർ, ഉറച്ച നിലപാടിനെയും ഒപ്പം ഭാഗ്യപരീക്ഷണത്തെയുമാണ് മുറുകെപ്പിടിച്ചിരിക്കുന്നത്. ലോകായുക്ത അധികാരം കുറയ്ക്കുന്നതിനൊപ്പം ചാൻസലർ കൂടിയായ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സർവകലാശാല ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുമെന്നുള്ളത് ഉറച്ച നിലപാടാണ്.
നിയമസഭയിൽ ബിൽ പാസായശേഷം രാജ്ഭവൻ സ്വീകരിക്കുന്ന നടപടികളിന്മേലുള്ള സർക്കാറിന്‍റെ പ്രതികരണവും അതിന്‍റെ ഫലവും രാഷ്ട്രീയ- നിയമ ഭാഗ്യപരീക്ഷണത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. വിവാദമായ രണ്ടെണ്ണം ഉൾപ്പെടെ 12 ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി അയക്കുമ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്നതാകും ഏറ്റുമുട്ടലിൽ നിർണായകമാകുക.
ലോകായുക്ത, സർവകലാശാല ഭേദഗതി നിയമങ്ങൾ രാജ്ഭവൻ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുമെന്ന വാദങ്ങളെ സർക്കാർ തള്ളുന്നു. സംസ്ഥാന വിഷയത്തിലാണ് ബില്ലുകൾ. സമാവർത്തി പട്ടികയിലോ കേന്ദ്ര പട്ടികയിലോ അല്ല. അതിനാൽ കേന്ദ്ര നിയമങ്ങളുമായി വൈരുദ്ധ്യമില്ല.
എന്നാൽ തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാന നിയമസഭകൾ പാസാക്കിയതും ഗവർണർക്ക് ചാൻസലർ എന്ന നിലയിലുള്ള അധികാരം വെട്ടിക്കുറച്ചതുമായ ഭേദഗതി നിയമങ്ങൾ ഒപ്പുകാത്ത് രാജ്ഭവനുകളിൽ കിടക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാനും ഈ വഴി തെരഞ്ഞെടുത്താൽ ഭരണം മാറിയ മഹാരാഷ്ട്ര ഒഴികെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുമായി ചേർന്ന് നിയമനടപടി സ്വീകരിക്കുന്ന കാര്യവും എൽ.ഡി.എഫ് സർക്കാർ പരിഗണിച്ചേക്കും.
അതിന്‍റെ അവസാനമെന്താകുമെന്നതിൽ സർക്കാറിനും ഉത്തരമില്ല. ഗവർണറെ സഹിക്കുന്നതിനെക്കാൾ ഭേദം ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നതാണ് നല്ലതെന്നാണ് പാർട്ടിക്കും ലഭിച്ച ഉപദേശം. ഗവർണർക്ക് മുന്നിൽ പിന്നെയുള്ളത് നിയമത്തിൽ വിശദീകരണം തേടുകയും തിരിച്ചയക്കുകയുമാണ്.
അങ്ങനെയെങ്കിൽ അത് പാസാക്കി വിശദീകരണത്തോടെ വീണ്ടും സമർപ്പിച്ചാൽ, ഗവർണർക്ക് അംഗീകരിക്കേണ്ടിവരും. നിയമങ്ങൾക്ക് അംഗീകാരം നൽകാതിരുന്നാൽ എത്ര നാൾ എന്ന ചോദ്യമാണ് സർക്കാർ ചോദിക്കുന്നത്. ഒരു ഗവർണർക്ക് ഭരണഘടന നൽകിയിട്ടുള്ള പരിമിത അവകാശങ്ങളിന്മേലുള്ള രാഷ്ട്രീയ ചർച്ചയും എൽ.ഡി.എഫ് ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.