വിവാദ പോക്സോ കേസ്: മാതാവിന്‍റെ അറസ്​റ്റ്​ ബാലക്ഷേമ അധ്യക്ഷയുടെ റിപ്പോർട്ടിൽ

തിരുവനന്തപുരം: മകനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മാതാവിനെ കടയ്ക്കാവൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത് ബാലക്ഷേമ കമ്മിറ്റി അധ്യക്ഷ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ. അഞ്ചാം ക്ലാസുമുതൽ പിതാവിനൊപ്പം ഗൾഫിൽ പോയ 2019 ഡിസംബർ 10 വരെ മാതാവ് കുട്ടിയ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായി ബാലക്ഷേമ സമിതി അധ്യക്ഷ അഡ്വ.എൻ. സുനന്ദ കടയ്ക്കാവൂർ പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ മൊഴിതന്നെയാണ് കുട്ടി മജിസ്ട്രേറ്റിന് മുന്നിലും ആവർത്തിച്ചത്. ഇതോടെയാണ് അറസ്​റ്റ്​ അടക്കം നടപടികളിലേക്ക് പൊലീസ് കടന്നത്.

മകനെതിരെ മാതാവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി കഴിഞ്ഞ നവംബറിലാണ് പിതാവ് കടയ്​ക്കാവൂർ പൊലീസിനെ സമീപിക്കുന്നത്. ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങൾ മനസ്സിലാക്കിയ പൊലീസ്, കുട്ടി ഏതെങ്കിലും സമർദത്തിന് വഴങ്ങിയാണോ പരാതിയുമായി രംഗത്തെത്തിയതെന്ന് സംശയിച്ചു. തുടർന്നാണ്​ കുട്ടിയെ കൗൺസലിങ് നടത്തി മൊഴി രേഖപ്പെടുത്തുന്നതിന് തിരുവനന്തപുരം ബാലക്ഷേമ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുന്നത്.

നവംബർ 11നാണ് അഡ്വ. സുനന്ദയുടെ നിർദേശപ്രകാരം ജില്ല ശിശുസംരക്ഷണ യൂനിറ്റ് ഓഫിസർ എസ്. ചിത്രലേഖ, സാമൂഹിക പ്രവർത്തകൻ കിരൺ സി തെങ്ങമം എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നവംബർ 13ന് എസ്. ചിത്രലേഖ മൂന്ന് പേജുള്ള റിപ്പോർട്ട് സുനന്ദക്ക് കൈമാറുകയായിരുന്നു. നവംബർ 30നാണ് ഈ റിപ്പോർട്ട് കടയ്ക്കാവൂർ എസ്.എച്ച്.ഒക്ക് ചെയർപേഴ്സൺ കൈമാറുന്നത്.

മാതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷിക്കുന്നത്​. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുള്ള കുടുംബത്തിെൻറയും ആക്​ഷൻ കൗൺസിലിെൻറയും ആവശ്യപ്രകാരമാണ് അന്വേഷണം ദക്ഷിണമേഖല ഐ.ജിക്ക് കൈമാറിയത്. മാതാവിനെതിരെയുള്ള കേസ് പിതാവ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം മൂന്നാമത്തെ മകൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.

അതേസമയം എഫ്.ഐ.ആറിൽ പരാതിക്കാര​െൻറ സ്ഥാനത്ത് ത​െൻറ പേര് ചേർത്തതിന് ഡി.ജി.പിക്ക് പരാതി നൽകുമെന്ന് ബാലക്ഷേമ കമ്മിറ്റി അധ്യക്ഷ അഡ്വ.എൻ. സുനന്ദ അറിയിച്ചു. കുട്ടിക്ക് കൗൺസലിങ്​ നൽകി റിപ്പോർട്ട് നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരമായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്.

പൊലീസിന് വിവരം നൽകിയ ആളാണ് പരാതിക്കാര​െൻറ സ്ഥാനത്ത് വരേണ്ടത്. പരാതി ലഭിച്ച ശേഷമാണ് കൗൺസലിങ്ങിനായി കുട്ടിയെ കമീഷന് ഹാജരാക്കിയതെന്നും സുനന്ദ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, പരാതിക്കാരിയുടെ സ്ഥാനത്ത് ബാലക്ഷേമ കമ്മിറ്റി അധ്യക്ഷയുടെ പേര് നൽകിയതിൽ തെറ്റില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

പൊലീസിന് കൃത്യമായ വിവരം ലഭിച്ചത് ബാലക്ഷേമ കമ്മിറ്റിയിൽ നിന്നായതിനാലാണ് അധ്യക്ഷയുടെ പേര് നൽകിയതെന്നും തുടർ അന്വേഷണത്തിൽ അധ്യക്ഷയെ മുഖ്യസാക്ഷിയാക്കി മാറ്റുമെന്നും കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. മാതാവിെൻറ അറസ്​റ്റിൽ പൊലീസ് കുറച്ചുകൂടി അവധാനതയോടും ജാഗ്രതയോടും കൂടി പെരുമാറേണ്ടതായിരുന്നെന്ന് സംസ്ഥാന വനിത കമീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു. കേസ് വിവാദമായതോടെ ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ ബോർഡിന്​ മുന്നിൽ കുട്ടിയെ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Controversial pocso case: Mother's arrest in report of child welfare chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.