തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെതുടർന്ന് സംസ്ഥാന കോൺഗ്രസിലും യു.ഡി.എഫിലും ഉടലെടുത്ത അസ്വസ്ഥതകൾക്ക് പരിഹാരമില്ല. ഗ്രൂപ്പുകളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ രമേശ് ചെന്നിത്തലയെ ഒഴിവാക്കി വി.ഡി. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെയാണ് തർക്കമാരംഭിച്ചത്.
ഇക്കാര്യത്തിൽ ഹൈകമാൻഡ് എടുത്ത നിലപാടിനെ എതിർക്കുന്നില്ലെങ്കിലും ചെന്നിത്തലയെ അപമാനിച്ച് പുറത്താക്കിയെന്ന വികാരമാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുള്ളത്. നിയമസഭാ കക്ഷിയിൽ 12 പേരുടെ പിന്തുണയുണ്ടായിട്ടും സൂചനപോലും നൽകാതെ ഒഴിവാക്കിയതിലെ അതൃപ്തി ചെന്നിത്തല പാർട്ടി അധ്യക്ഷയെ അറിയിച്ചു.
പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ നിലനിർത്തണമെന്ന ആവശ്യം നിരാകരിച്ചതിനോട് പരസ്യമായി പ്രതികരിക്കാൻ സന്നദ്ധനല്ലെങ്കിലും ഉമ്മൻ ചാണ്ടിയും അസംതൃപ്തനാണ്. കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിൽ ഇരുനേതാക്കളും സംസാരിക്കാൻപോലും തയാറാകാത്തത് അതിെൻറ സൂചനയാണ്.
മുന്നണി യോഗത്തിൽനിന്ന് വിട്ടുനിന്നതിന് പിന്നാലെ ഇനി കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന പരസ്യപ്രസ്താവനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നു. കൂട്ടായ നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിട്ടശേഷം തോൽവിയുണ്ടായപ്പോൾ ഉത്തരവാദിത്തം തെൻറമേൽ കെട്ടിവെച്ച് ക്രൂശിക്കാൻ ശ്രമിക്കുന്നെന്ന പരാതിയാണ് അദ്ദേഹത്തിന്.
തോൽവി സംബന്ധിച്ച എല്ലാ കാര്യങ്ങളും പാർട്ടി അധ്യക്ഷയെ അറിയിച്ചതിനാൽ ഇതിനെപ്പറ്റി പഠിക്കാൻ ഹൈകമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ അേദ്ദഹം തയാറായില്ല. നടപ്പാക്കേണ്ട കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചശേഷം പഠിക്കുന്നതിൽ അർഥമില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർക്ക്. കെ.പി.സി.സി അധ്യക്ഷനെയും ഗ്രൂപ് താൽപര്യം കണക്കിലെടുക്കാതെ നിയോഗിക്കാനാണ് ഹൈകമാൻഡ് ഒരുങ്ങുന്നത്.
അതിനാലാണ് ഏതെങ്കിലും പേര് മുന്നോട്ടുവെക്കാൻ ഗ്രൂപ്പുകൾ തയാറാകാത്തത്. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നെന്ന പേരില്‍ ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കെ.സി. വേണുഗോപാലാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതെന്നാണ് പരാതി. അതിനിടെ, യു.ഡി.എഫിലും അസ്വസ്ഥതകൾ വർധിക്കുകയാണ്. മുന്നണിയുടെ പ്രവർത്തനരീതിയെ വിമർശിച്ച് ഷിബു ബേബിജോൺ പരസ്യമായി രംഗത്തുവന്നു. ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ മുസ്ലിംലീഗും കേരള കോൺഗ്രസും ഭിന്നനിലപാട് സ്വീകരിച്ചതും മുന്നണിക്ക് തലവേദനയാകും.
കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിന് തുല്യമായി മാറിനിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചു. തന്നോടുള്ള പ്രതിഷേധംകൊണ്ടല്ല അദ്ദേഹം യു.ഡി.എഫ് യോഗത്തിൽ വരാത്തത്.
തന്നെ പ്രതിപക്ഷനേതാവാക്കിയതിൽ അദ്ദേഹത്തിന് വിയോജിപ്പില്ല. കോൺഗ്രസിൽ കലഹമൊന്നുമില്ല. നിയമസഭ െതരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം നേതൃമാറ്റം വേണമെന്ന് ചർച്ചയുണ്ടായി. മാറ്റം വേണ്ടെന്ന് വാദിച്ചവരുമുണ്ടായിരുന്നു. ഈ രണ്ട് അഭിപ്രായവും ചർച്ച ചെയ്തു. ദേശീയ നേതാക്കൾ വന്ന് ചർച്ച നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തന്നെ പ്രതിപക്ഷ നേതാവാക്കിയത്-സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.