തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം സർക്കാർ പൂഴ്ത്തിവെച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് നിയമസഭയിൽ പ്രതിപക്ഷം. ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന മന്ത്രി സജി ചെറിയാന്റെ വാദം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ചോദ്യം ചെയ്തു. സുപ്രീംകോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് ഇരകളുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മാത്രമാണ് ഹേമ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് സ്വീകരിച്ചു കഴിഞ്ഞാൽ അത് സർക്കാർ പ്രോപർടിയാണ്. വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടിയാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഉടൻ നിയമ നിർമാണം സജി ചെറിയാൻ വിശദീകരിച്ചു ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കും. സമഗ്ര സിനിമാ നയത്തിനായി രൂപവത്കരിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ഹേമ നൽകിയ കത്തിന്റെയും വിവരാവകാശ കമീഷണറുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. പിന്നീട് വിവരാവകാശ കമീഷൻ നിർദേശിച്ചതിനെ തുടർന്നാണ് പുറത്തുവിട്ടത്.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴികെയുള്ളവ പുറത്തുവിടാനാണ് മുഖ്യവിവരാവകാശ കമീഷണർ നിർദേശിച്ചത്. സർക്കാർ ഒരു വിവരവും മറച്ചുവെച്ചിട്ടില്ല. 24 കാര്യങ്ങളാണ് റിപ്പോർട്ട് ശിപാർശ ചെയ്തിരിക്കുന്നത്. മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തിട്ടുണ്ട്. സർക്കാറിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. ഇരകൾക്ക് ഒപ്പമാണെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികളിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് വിഷയത്തിൽ ഇടപെട്ട് മന്ത്രി പി. രാജീവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.