തെറ്റുതിരുത്തല്‍ രേഖ ജലരേഖ: അഴിമതിയില്‍ മുഴുകാനുള്ള മറയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖകള്‍ ജലരേഖകളാണെന്നും അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാര്‍ട്ടിയാണിതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഓരോ തെരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണ് തിരുത്തല്‍ രേഖകള്‍.

മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം ചേര്‍ന്ന് എഴുതിയ തെറ്റുതിരുത്തല്‍ രേഖയിലെ മഷി ഉണങ്ങുംമുമ്പാണ് തിരുവല്ലയില്‍ പീഡനക്കേസ് പ്രതിയെ സി.പി.എം തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ ഗര്‍ഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡി.എ.ന്‍എ പരിശോധന അട്ടിമറിച്ചു, വനിതാ നേതാവിന് ലഹരിമരുന്നു നല്കി നഗ്‌നവീഡിയോ ചിത്രീകരിച്ചു പ്രദര്‍ശിപ്പിച്ചു തുടങ്ങിയവയാണ് സജിമോനെന്ന സി.പി.എം നേതാവിനെതിരേയുള്ള കുറ്റങ്ങള്‍.

ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പറയുന്നതിനടക്കാണ് കണ്ണൂര്‍ പെരിങ്ങോമില്‍ ഡി.വൈ.എഫ്.ഐ നേതാവ് സജേഷിനെ പുറത്താക്കിയത്. സ്വര്‍ണം തട്ടിയെടുക്കല്‍ സംഘത്തലവനും സി.പി.എം സൈബര്‍ പോരാളിയുമായ അര്‍ജുന്‍ ആയങ്കിയുടെ അനുയായിയാണിയാള്‍. ഇത്രയും കാലം പാര്‍ട്ടി പൊന്നുപോലെ സംരക്ഷിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.  

തൊഴിലാളി വര്‍ഗത്തെ ചേര്‍ത്തുപിടിക്കണമെന്ന് തെറ്റുതിരുത്തല്‍ രേഖ പറയുമ്പോള്‍, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഒരംഗം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ട കാഴ്ച വിവരിച്ചത് ഇപ്രകാരം കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരെ മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാഉദ്യോഗസ്ഥര്‍ ബലമായി മാറ്റുന്നു. മുഖ്യമന്ത്രി ഏകാധിപതിയോ എന്നാണ് ഈ അംഗം ചോദിച്ചത്. സംസ്ഥാനത്തെ എല്ലാ സി.പി.എം ജില്ലാ കമ്മിറ്റികളും ഐകകണ്‌ഠ്യേന ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെക്കുറിച്ചാണ്.

മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കൊലയാളികളും ക്വട്ടേഷന്‍ സംഘവുമായുള്ള പാര്‍ട്ടിയുടെ ബന്ധം, കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള അഴിമതികള്‍, ഇതിനെല്ലാം പാര്‍ട്ടി നല്കുന്ന സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള തെറ്റുതിരുത്തലുകളെല്ലാം കണ്ണില്‍ പൊടിയിടാന്‍ മാത്രമാണന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Corrective action line water line: K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.