സംസ്ഥാനത്ത് അഴിമതിക്കേസുകൾ കുറയുന്നു

തിരുവനന്തപുരം: കഴിഞ്ഞ ആറു വ‍ർഷത്തിനിടെ, സംസ്ഥാനത്ത് അഴിമതിക്കേസുകൾ ഗണ്യമായി കുറഞ്ഞു. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ 342 അഴിമതിക്കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2020ൽ 84 ഉം 2021ൽ 50നടുത്തും എത്തിയതായാണ് കണക്ക്. കൈക്കൂലി വാങ്ങിയതിന് പിടിയിലായ 140 ഉദ്യോഗസ്ഥരിൽ കൂടുതൽ പേരും റവന്യൂ വകുപ്പിലാണ്- 31 പേർ. 18 പൊലീസുകാരെയും പിടികൂടി. ഇത്തരം കേസുകളിൽ നടപടി പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നതിൽ കാലതാമസമുണ്ടാകുന്നത് പിടിയിലാകുന്നവർ സർവിസിൽ വീണ്ടുമെത്താൻ അവസരമുണ്ടാക്കുന്നുണ്ട്.

അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതാണ് എണ്ണം കുറയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രഹസ്യ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണ്ടെന്നാണ് മുൻ വിജിലൻസ് ഡയറക്ടർമാരുടെ തീരുമാനം. കഴിഞ്ഞ ആറു വർഷത്തിനിടെ, കൈക്കൂലിയുമായി ബന്ധപ്പെട്ട് 134 പേരെയാണ് അറസ്റ്റ് ചെയ്തത്. കരമൊടുക്കാനും ഭൂമി തരംമാറ്റാനും ബിൽഡിങ് ലൈസൻസ് ഉൾപ്പെടെ മറ്റ് ആവശ്യങ്ങള്‍ക്കുമായി റവന്യൂ ഓഫിസുകളിലെത്തിയവരിൽനിന്ന് കൈക്കൂലി വാങ്ങിയവരാണ് അറസ്റ്റിലായവരിലേറെയും.

പ്യൂണ്‍ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ ഇക്കൂട്ടത്തിലുണ്ട്. കേസുകൾ ഒത്തുതീർപ്പിനാണ് പൊലീസുകാർ കൈക്കൂലി വാങ്ങിയത്. പാലക്കാട്ടും കോട്ടയത്തുമാണ് കൂടുതൽ പേർ പിടിയിലായത് -15 പേർ വീതം. ആലപ്പുഴയിലും എറണാകുളത്തും 12 പേരും ഇടുക്കിയിലും കണ്ണൂരും തിരുവനന്തപുരത്തും 11 പേരും പിടിയിലായതായാണ് കണക്ക്. 

Tags:    
News Summary - Corruption cases are declining in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.