തിരുവനന്തപുരം: അഴിമതി കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിജിലൻസിന്റെ അംഗബലം കൂട്ടണമെന്ന ആവശ്യവുമായി വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ ആഭ്യന്തരവകുപ്പിന് കത്ത് നൽകി. അംഗങ്ങളുടെ എണ്ണം 1000 ആക്കണമെന്നാണ് ശിപാർശ. നിലവിലെ അംഗബലംവെച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നിലവിലെ സാമ്പത്തിക ഞെരുക്കത്തിൽ കഴിഞ്ഞില്ലെങ്കിൽ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരെ തൽക്കാലത്തേക്ക് ഡെപ്യൂട്ടേഷനിലെങ്കിലും നിയമിക്കണമെന്നാണ് ഡയറക്ടർ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. മിന്നൽ പരിശോധനകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും അഴിമതി ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുകയാണെങ്കിൽ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നുമാണ് ഉത്തരവ്.
കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടുന്നതടക്കമുള്ള ട്രാപ് കേസുകളിൽ ആറു മാസത്തിനകം കുറ്റപത്രം നൽകണം. അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഒരുവർഷമാണ് അന്വേഷണസംഘത്തിനുള്ള സമയപരിധിയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.എന്നാൽ, അഴിമതിക്കെതിരെ നടപടി ശക്തമാക്കുന്നമെന്ന സർക്കാർ പ്രഖ്യാപിക്കുമ്പോഴും വിജിലൻസിൽ അംഗ ബലം പഴയതുതന്നെയാണെന്ന് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. ഇൻസ്പെക്ടർമാരും ഡിവൈ.എസ്.പിമാരുമാണ് വിജിലൻസിൽ കേസന്വേഷിക്കേണ്ടത്.
രണ്ടു റാങ്കിലുമായി 130 പേരുണ്ട്. ഇവർക്ക് കീഴിലുള്ള പൊലീസുകാരുടെ എണ്ണം 700. ഈ അംഗബലവുമായി മുന്നോട്ടുപോകാനില്ലെന്നാണ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. ഒരു അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ആറു പൊലീസുകാരെയെങ്കിലും നിയോഗിച്ചാലേ ഉള്ള ജോലികള്‍ തീർക്കാൻ കഴിയൂ.
പ്രതിവർഷം 500 ലധികം കേസ് രജിസ്റ്റർ ചെയ്യുന്നു. 8000ത്തിലധികം പരാതികളെത്തുന്നു. 1500 കേസുകള്‍ കുറ്റപത്രം നൽകാൻ ഇനിയുമുണ്ട്. ഇതുകൂടാതെ കോടതി ജോലിയും ബോധവത്കരണവും മിന്നൽ പരിശോധനകളും. ഈ സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലൻസ് ഡയറക്ടറുടെ കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.