മാല്‍കോ ടെക്സില്‍ പുതിയ ക്രമക്കേട്; തൂക്കം കൂട്ടാന്‍ പരുത്തിക്കെട്ടില്‍ ഇരുമ്പുപാളി

മലപ്പുറം: മൂന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന കുറ്റിപ്പുറം ആതവനാട് കാര്‍ത്തല ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മാല്‍കോ ടെക്സില്‍ വീണ്ടും ക്രമക്കേട്. തൂക്കം വര്‍ധിപ്പിക്കാനായി പരുത്തിക്കെട്ടില്‍ ഇരുമ്പുപാളി തിരുകിയത് കണ്ടത്തെിയതാണ് പുതിയ വിവാദം. നവംബറില്‍ വരപ്രസാദ് എന്ന ഏജന്‍റില്‍നിന്ന് വാങ്ങിയ ലോഡിലുണ്ടായിരുന്ന രണ്ട് കെട്ട് പരുത്തിയില്‍നിന്നാണ് ഏകദേശം 10 കിലോ തൂക്കം വരുന്ന ഇരുമ്പ് പാളിയും നട്ടും ബോള്‍ട്ടുകളും ലഭിച്ചത്.

തൂക്കത്തിന്‍െറ അടിസ്ഥാനത്തിലാണ് പരുത്തിക്ക് വില നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഇരുമ്പ് വസ്തുക്കളുടെ കൂടി തൂക്കത്തിന് മില്ല് അധികൃതര്‍ ഏജന്‍റിന് പണം നല്‍കിക്കഴിഞ്ഞു. ഗുണമേന്മയുള്ള പരുത്തി നൂലാണ് മാല്‍കോ ഉല്‍പാദിപ്പിച്ചിരുന്നതെങ്കിലും വരപ്രസാദ് എന്ന ഏജന്‍റില്‍നിന്ന് അസംസ്കൃത വസ്തു എടുക്കാന്‍ തുടങ്ങിയതോടെ ഉപയോഗശൂന്യമായ നൂല്‍ കമ്പനിയില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

നവംബറിലാണ് ഇരുമ്പുപാളിയും നട്ടും ബോള്‍ട്ടുമടങ്ങിയ പരുത്തിക്കെട്ട് മില്ലില്‍ എത്തിയതെങ്കിലും കഴിഞ്ഞ ദിവസം കെട്ട് പൊട്ടിച്ചപ്പോഴാണ് കൃത്രിമം കണ്ടത്തെിയത്. ഇക്കാര്യങ്ങളെല്ലാം കീഴുദ്യോഗസ്ഥര്‍ എം.ഡിയെ രേഖാമൂലം അറിയിച്ചെങ്കിലും ഏജന്‍റിനെതിരെ നടപടിയെടുത്തിട്ടില്ല. സംഭവത്തില്‍ തൊഴിലാളി സംഘടനകള്‍ മില്ല് അധികൃതര്‍ക്ക് രേഖമൂലം പരാതി നല്‍കി. ഏജന്‍റുമാരെ ഒഴിവാക്കി കോട്ടണ്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (സി.സി.ഐ) നിന്ന് പരുത്തി വാങ്ങിക്കാനും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - cotton mill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.