പ്രതികളായ ബുദ്ധദേവ് ദാസ്, ദോളന്‍ ചപദാസ്, കൊല്ലപ്പെട്ട ദീപാങ്കർ മാജി

പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്.

പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ പര്‍ബ മെദിനിപൂര്‍ ജില്ലയിലെ ബ്രജല്‍ചക്ക് സ്വദേശിനി ദോളന്‍ ചപദാസ്(33) എന്നിവരാണ് ബംഗാളില്‍ അറസ്റ്റിലായത്.

പശ്ചിമബംഗാൾ സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജി(38) കൊല്ലപ്പെട്ട കേസിലാണ് പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ കക്കൂത്ത് റോഡില്‍ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാര്‍ട്ടേഴ്‌സിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മാജിയുടെ മൃതദേഹം കണ്ടത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് കണ്ടത്.

ഇയാളുടെ താമസസ്ഥലത്ത് നാട്ടുകാരായ ദമ്പതികൾ ഇടക്കിടെ വരാറുണ്ടായിരുന്നു. ഇതിനിടയില്‍ ദീപാങ്കര്‍ സ്ത്രീയുടെ നഗ്നവീഡിയോ ഫോണില്‍ പകര്‍ത്തുകയും അതുപയോഗിച്ച് പലപ്പോഴായി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവത്രെ. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവ് പലയിടങ്ങളില്‍ നിന്നായി വാങ്ങിയ ഉറക്കഗുളികയുമായി ദീപാങ്കറിന്റെ താമസസ്ഥലത്തെത്തിയ ദോളന്‍ ചപദാസ് സൗഹൃദം നടിച്ച് ഉറക്കഗുളിക വെള്ളത്തില്‍ കലര്‍ത്തി നല്‍കി. മയക്കിയതിന്‌ ശേഷം ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും രണ്ടുപേരും ചേര്‍ന്ന് തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

വാടകക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ആളുകളുടെ മൊഴിയില്‍ നിന്നും ഏപ്രിൽ 26ന് പ്രതികള്‍ ഇവിടെ എത്തിയിരുന്നതായി അറിഞ്ഞു. ചെറിയ ക്വാർട്ടേഴ്സിൽ 20 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും തൊട്ടപ്പുറത്തെ മുറിയിൽ നടന്ന സംഭവം ആരും അറിഞ്ഞിരുന്നില്ല. മൃതദേഹം അഴുകി ദുർഗന്ധംവമിച്ചതോടെയാണ് പരിസരത്തുള്ളവർ അറിഞ്ഞത്.

പ്രതികളുടെ താമസസ്ഥലം കണ്ടെത്തി അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവർ ബംഗാളിലെത്തിയതായി അറിഞ്ഞു. ബംഗാള്‍ പൊലീസുമായി കേരള പൊലീസ് ബന്ധപ്പെട്ട് ഇവരെ പിടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ 30ന് അറസ്റ്റുചെയ്തു. കേരള പൊലീസ് സംഘം ബംഗാളിലെത്തി വ്യാഴാഴ്ച ഇവരെ പെരിന്തല്‍മണ്ണയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Tags:    
News Summary - Couple arrested in Perinthalmanna murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.