ചെങ്ങന്നൂർ: നവദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂർ പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബ് (30), മാവേലിക്കര വഴുവാടി വെട്ടിയാർ തുളസി ഭവനത്തിൽ ദേവികാദാസ് (20) എന്നിവരാണ് മരിച്ചത്. രണ്ടുമാസം ഗർഭിണിയായ ദേവികാദാസിൻറെ മൃതദേഹം തറയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് 6നായിരുന്നു.
സാരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിൻ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടിൽ ഇവർ വാടകക്കു താമസിക്കുകയായിരുന്നു.
പെയിൻറിംഗ് തൊഴിലാളിയായ ജിതിൻജേക്കബ് ശനിയാഴ്ച പണിയും കഴിഞ്ഞ് പോയതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പണിക്ക് വരാതിരുന്നതോടെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ വാതിൽ തുറന്ന നിലയിലായിരുന്നു.
നേരത്തേ ഇരുവരും ഒളിച്ചോടിയതോടെ ദേവികയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ജിതിനെതിരെ പോക്സോ നിയമപ്രകാരം കേസുമുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ ഹാജറാക്കിയപ്പോൾ ജിതിനൊപ്പം പോവാൻ ദേവിക താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 18 തികയാത്തതിനെ തുടർന്ന് തുടർന്ന് ദേവികയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പരേതരായ കുഞ്ഞുപിള്ള - ജഗദമ്മ ദമ്പതികളുടെ മകനാണ് ജിതിൻ ജേക്കബ്. തുളസീദാസ് - സുശീല ദമ്പതികളുടെ മകളാണ് ദേവീ കാദാസ്. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.