കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം. എം. ലോറൻസിന്‍റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിന്‍റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ഹൈകോടതി. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വേണമെങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്നും അതല്ലെങ്കിൽ തര്‍ക്കത്തില്‍ മധ്യസ്ഥ ഇടപെടലാകാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഇരു കൂട്ടർക്കും പരിഗണിക്കാവുന്ന പേര് നൽകണമെന്നും കോടതി പറഞ്ഞു. ഇത്തരം വിഷയങ്ങൾ അധികനാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ചയാളോട് അല്പമെങ്കിലും ആദരവ് കാണിക്കണമെന്നും കോടതി വ്യക്തമാക്കി.
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാന്‍ അനുമതി നല്‍കിയ സിങ്കിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു ആശ ലോറന്‍സ് അപ്പീല്‍ നല്‍കിയത്. മൃതദേഹം പഠനത്തിന് വിട്ടുനൽകണമെന്ന് മകന്‍ എം.എല്‍. സജീവനോട് ലോറൻസ് പറഞ്ഞെന്ന രണ്ട് സാക്ഷികളുടെ മൊഴിയടക്കം പരിഗണിച്ചായിരുന്നു ബെഞ്ചിന്‍റെ ഉത്തരവ്. വസ്തുതകൾ പരിഗണിക്കാതെയാണ് സിങ്കിള്‍ ബെഞ്ച് ഉത്തരവെന്നും ഇത് റദ്ദാക്കി മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാൻ വിട്ടുനല്‍കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എം.എം. ലോറന്‍സ് അന്തരിക്കുന്നത്. രണ്ടുമാസമായി ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.