തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വാട്സ്ആപ് ചാറ്റിൽ വധശ്രമം നടത്തിയതിന്‍റെ തെളിവില്ലെന്ന് കോടതി. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായി മാത്രമേ നടപടികളെ കാണാനാകൂവെന്ന് ജാമ്യം അനുവദിച്ച വിധിയിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഫോൺ കൈമാറാൻ തയാറെന്ന് ശബരീനാഥൻ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്നും വിധിയിൽ പറയുന്നു. ശബരീനാഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മൂന്ന് പ്രതികളുടെ ഫോൺ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റിൽ മുഖ്യമന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച ആലോചനയില്ല. പ്രതിഷേധിക്കാനുള്ള തീരുമാനമാണ് ചാറ്റിൽ ഉള്ളതെന്നും ഉത്തരവിലുണ്ട്.
അതേസമയം, വധഗൂഢാലോചനക്കേസില്‍ കെ.എസ്. ശബരീനാഥന്‍ ബുധനാഴ്ച രണ്ടുതവണ വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.
അന്വേഷണവുമായി സഹകരിക്കണമെന്ന കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് രാവിലെയും വൈകീട്ടും ശബരി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ചൊവ്വാഴ്ച അനുവദിച്ച ജാമ്യവ്യവസ്ഥയിൽ ജൂലൈ 22 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. രാവിലെ 11.30നാണ് ശബരീനാഥൻ യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയത്.
ഒരുമണിക്കൂറിനുള്ളില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വൈകീട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. വൈകീട്ട് നാലിന് വീണ്ടുമെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസി. കമീഷണര്‍ ഡി.കെ. പൃഥ്വിരാജ് ശബരീനാഥിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തി. വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം നല്‍കിയ വാട്‌സ്ആപ് ചാറ്റിനെക്കുറിച്ചാണ് പൊലീസ് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്‌സ്ആപ് ഗ്രൂപ്പിന്‍റെ അഡ്മിന്മാര്‍, അംഗങ്ങള്‍ എന്നിവരെക്കുറിച്ച് വിവരങ്ങള്‍ തേടി.
രണ്ടുമണിക്കൂറെടുത്താണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിലും സ്റ്റേഷനില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.