വിധിക്കു പിന്നാലെ രക്തസമ്മർദം ഉയർന്നു; പ്രതിക്കൂട്ടിൽ തളർന്നിരുന്ന് ബോബി ചെമ്മണൂർ

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ എല്ലാ പഴുതുകളും അടച്ച് വ്യവസായി ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്യുക, ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെ വലിയ തിരിച്ചടി നൽകി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുക...അപ്രതീക്ഷിത സംഭവങ്ങൾക്കാണ് രണ്ടു ദിവസമായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതികളിൽ നടപടികൾ എടുക്കുന്നതിന്റെ ലാഘവത്വം മുമ്പും ഒരുപാട് കണ്ടറിഞ്ഞ നാട്ടിൽ ഇതുപോലൊരു നടപടി അപ്രതീക്ഷിതമാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ നടപടിയും സമാന രീതിയിലായിരുന്നു.

വിധിക്കു പിന്നാലെ, നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. വിധി കേട്ടയുടൻ രക്തസമ്മർദം വർധിച്ച് ബോബി പ്രതിക്കൂട്ടിൽ തളർന്നിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്. 12.30ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം പൂർത്തിയായി. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെ നിന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. തുടർന്ന് കോടതി മുറിയിൽ വിശ്രമിക്കാൻ കോടതി അനുമതി നൽകി. അതിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. നാടകീയമായിരുന്നു ബോബിയുടെ അറസ്റ്റും.

കഴിഞ്ഞ ദിവസം രാവിലെ 7.30ന് ബോബിയുടെ മേപ്പാടിയിലെ ആയിരം ഏക്കർ എസ്​റ്റേറ്റിലെ റിസോർട്ടിന് പുറത്തുനിന്നാണ് കൊച്ചിയിൽനിന്നുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ്റ്റേറ്റിലെ റോഡിൽ വാഹനം തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ നിയമനടപടി സംബന്ധിച്ച് ബോബിയെ ധരിപ്പിച്ചു. ഇതോടെ വാഹനത്തിൽനിന്നിറങ്ങിയ ബോബി നടന്ന് പൊലീസിന്റെ വാഹനത്തിൽ കയറുകയായിരുന്നു. ആദ്യം പുത്തൂർവയൽ എ.ആർ ക്യാമ്പിൽ എത്തിച്ചു. തുടർന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി. അറസ്റ്റിനെ കുറിച്ച് ഒരു സൂചന പോലും നൽകാതെ ബോബി മുൻകൂർ ജാമ്യം തേടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. 

രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു ബോബി. ഉറങ്ങാതെ ലോക്കപ്പിലെ ബെഞ്ചിലിരുന്ന് സമയം തള്ളിനീക്കി. 

സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. വൈദ്യ പരിശോധനക്ക് ശേഷം ബോബിയെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും.

Tags:    
News Summary - Court Verdict big setback for Boby Chemmanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.