കൊച്ചി: കോടതി തങ്ങളുടെ സ്വകാര്യ സ്വത്താണെന്നും അവിടെ ആര് കയറണമെന്നും കയറരുതെന്നും തങ്ങള്‍ കല്‍പിക്കുമെന്നുമുള്ള ഒരുവിഭാഗം അഭിഭാഷകരുടെ നിലപാട് സര്‍ക്കാറിന് അംഗീകരിക്കാനാവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി രാജ്യത്തിന്‍െറ സ്വത്താണ്. അതിന്‍െറ നിയന്ത്രണാധികാരം ജുഡീഷ്യറിക്കാണ്. ജുഡീഷ്യറിയുടെ അധികാരം കൈയേറാമെന്ന് അഭിഭാഷകര്‍ ധരിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് ക്രമസമാധാന പ്രശ്നമാണ്. ക്രമസമാധാന പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. അഭിഭാഷകര്‍ അതിരുവിട്ടാല്‍ സര്‍ക്കാറിന് ഇടപെടേണ്ടിവരും. മാധ്യമ സ്വാതന്ത്ര്യത്തിനുനേര്‍ക്ക് ഉയരുന്ന ഏത് ഭീഷണിയും ചെറുക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നം പറഞ്ഞുതീര്‍ത്തശേഷവും ഒരുവിഭാഗം അഭിഭാഷകര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘര്‍ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപിത താല്‍പര്യക്കാരുടെ കൈയിലെ ഉപകരണങ്ങളായി മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും മാറരുത്. പ്രശ്നമുണ്ടായ ഉടന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഇടപെട്ടിരുന്നു. ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ പറ്റിയ സാഹചര്യമല്ലാതിരുന്നതിനാല്‍ വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്.
അതിനുശേഷം, ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍െറ നേതൃത്വത്തില്‍ പ്രത്യേക വേദിയുണ്ടാക്കി. ചീഫ് ജസ്റ്റിസിന്‍െറ നിയന്ത്രണത്തിലുള്ള ഹൈകോടതിയില്‍ സര്‍ക്കാറിന് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. സംഘര്‍ഷം മറ്റുതലത്തിലേക്ക് മാറാന്‍ അതിടയാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശാനുമതി നിഷേധിക്കുന്നതിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും നിലപാട് കൈക്കൊണ്ടതാണ്. അഡ്വക്കറ്റ് ജനറലിന്‍െറ സാന്നിധ്യത്തില്‍ താന്‍ ചീഫ് ജസ്റ്റിസുമായി സംസാരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ ഒരുകോടതിയിലും വിലക്കില്ളെന്നും ഇക്കാര്യം രജിസ്ട്രാര്‍ വഴി പ്രസിദ്ധപ്പെടുത്താമെന്നും അദ്ദേഹം സമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയതിനുശേഷവും ചില അഭിഭാഷകര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുതടി തീര്‍ക്കുന്നത് വകവെച്ചുകൊടുക്കാനാവില്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സര്‍ക്കാറിന്‍െറ ഏത് നീക്കത്തിനും പ്രതിപക്ഷത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട നടപടി കേരളത്തിനുതന്നെ നാണക്കേടാണ്. ചീഫ് ജസ്റ്റിസിന്‍െറ വാക്കിനുപോലും വിലയില്ളെന്ന് വരുന്നത് അംഗീകരിക്കാനാവില്ല. ചില അഭിഭാഷകരുടെ നടപടി ഗുണ്ടായിസമാണ്. നിയമം കൈയിലെടുക്കുന്നത് ആരായാലും അവരെ സര്‍ക്കാര്‍ നിലക്കുനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.