കോവിഡ്​ 19; സാമ്പത്തിക രംഗത്ത്​ വലിയ പ്രത്യാഘാതം -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് കോവിഡ് -19 വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ തനത് നികുതിവരുമാനം ഏതാണ്ട് നിലച്ച നിലയിലാണ്. ലോക്ക്ഡൗണാണ് ഇതിന്‍റെ ഒരു കാരണം. ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷ മേഖലയില്‍ സര്‍ക്കാരിന് പ്രതിജ്ഞാ ബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവില്ലെന്നും ​അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവന ക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മാറ്റാൻ ബുധനാഴ്​ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

പരമാവധി ഒരു മാസത്തെ ശമ്പളമാണ് മാറ്റുക. മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് ഇത്തരത്തില്‍ മാറ്റാൻ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാരിന്‍റെ ഗ്രാ​േൻറാടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്കും ഇതു ബാധകമാകും. 20,000 രൂപയില്‍ താഴെ ശമ്പളമുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍, എം.എല്‍.എമാര്‍, ബോര്‍ഡംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളം/ഓണറേറിയത്തിന്‍റെ 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്തൃ സംസ്ഥാനമായുള്ള കേരളം നിര്‍മാണമേഖലയിലും ടൂറിസം മേഖലയിലും നേടിയ വളര്‍ച്ച പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്‍റെ പിന്‍ബലത്തോടുകൂടിയുള്ള വാങ്ങല്‍ ശേഷിയാണ്. ഇതിന് ഗണ്യമായ ഇടിവു വന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ചെലവുകളുടെ ഭാഗമായി കൂട്ടാന്‍ കഴിയണം എന്ന നമ്മുടെ ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുന്നു. കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. എന്ത് പ്രശ്​നങ്ങളുണ്ടായാലും നമുക്ക് മുന്നോട്ടുപോകാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാ പ്രയാസങ്ങളും സഹിച്ചും സംഭാവന നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നു എന്നത് ആശ്വാസകരമായ സംഗതിയാണ്. കൈനീട്ടമായി കിട്ടിയ നാണയത്തുട്ട് മുതല്‍ മാസവരുമാനം വരെ സംഭാവന നല്‍കാന്‍ തയ്യാറാകുന്ന വ്യക്തികളുണ്ട്. ക്ഷേമ പെന്‍ഷനില്‍ ഒരു പങ്ക് തരുന്നവരുണ്ട്. ഭക്ഷണച്ചെലവില്‍നിന്ന് ഒരു വിഹിതം മാറ്റിവെച്ച് സംഭാവന നല്‍കാന്‍ തയാറാകുന്ന അവശ ജനങ്ങളുണ്ട്. പ്രവാസി മലയാളികള്‍ പ്രതിസന്ധി ഘട്ടത്തിലും സഹായത്തിനായി എത്തുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും വലിയതോതില്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ല എന്നതുകൊണ്ട് ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Covid 19 Financial Crisis In kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.