തിരുവനന്തപുരം: പി.എസ്.സി ആസ്ഥാനത്തും ജില്ല പി.എസ്.സി കേന്ദ്രങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഫെബ്രുവരി 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖവും മാറ്റിവെച്ചു. ഫെബ്രുവരി ഒന്നുമുതൽ 19 വരെ നടത്താൻ നിശ്ചയിച്ച പരീക്ഷകളും മാറ്റി. അതേസമയം ഫെബ്രുവരി നാലിലേക്ക് മാറ്റിവെച്ച വാട്ടർ അതോറിറ്റിയിലെ ഓപറേറ്റർ തസ്തികയിലേക്കുള്ള പരീക്ഷ അന്നുതന്നെ നടത്താനും കമീഷൻ യോഗം തീരുമാനിച്ചു.
രണ്ട് മെംബർമാരടക്കം തിങ്കളാഴ്ച വരെ പി.എസ്.സി ആസ്ഥാനത്ത് 94 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ നിയമന ശിപാർശ സെക്ഷൻ താൽക്കാലികമായി അടച്ചു. നിരവധി ഉദ്യോഗസ്ഥർ ക്വാറൻറീനിലാണ്.
ജനുവരി 25 മുതൽ ഫെബ്രുവരി 14 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രമാണ പരിശോധന, സർവിസ് വെരിഫിക്കേഷൻ എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി.
പ്രബേഷൻ ഡിക്ലറേഷൻ, പ്രമോഷൻ എന്നിവക്ക് സമയം അധികരിച്ചവർ ഓഫിസ് മേലധികാരിയുടെ ശിപാർശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ, ജോയന്റ് സെക്രട്ടറി, വകുപ്പതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സർവിസ് കമീഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കുകയോ ചെയ്താൽ സർട്ടിഫിക്കറ്റ് തപാലിൽ ലഭ്യമാക്കും
പി.എസ്.സി ആസ്ഥാന ഓഫിസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ജനുവരി 27നും ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് ജനുവരി 28, 31 ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖവും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.